ലയണൽ മെസ്സി

മെസ്സിയുടെ പേരിൽ ഡി.പി.ആർ തയാറാക്കിയതിലും കള്ളക്കളി; വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചും സ്പോണ്‍സര്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കിയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: മെസ്സിയേയും അർജന്‍റീന ഫുട്ബാൾ ടീമിനേയും കേരളത്തിലെത്തിക്കാനെന്ന പേരിൽ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കിയതിലും നടന്നത് വലിയ കള്ളക്കളി. വരുമാനം കുറച്ച് കാട്ടിയും ചെലവ് പെരുപ്പിച്ചും ഡി.പി. ആര്‍ തയാറാക്കി സ്പോണ്‍സര്‍ക്ക് കൊള്ളലാഭം കൊയ്യാൻ വഴിയൊരുക്കിയെന്നാണ് കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്‍റെ രണ്ടാം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന എസ്.ഐ.ടി അംഗം ഐ.ജി. ജി സതീഷ് ബിനോക്ക് നൽകിയ മൊഴിയിൽ പ്രശാന്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിക്കായി സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥരെപോലും ദുരുപയോഗം ചെയ്തെന്ന തന്‍റെ കണ്ടെത്തലുകൾ അദ്ദേഹം ആവർത്തിച്ചിട്ടുണ്ട്.

ഡി.പി.ആര്‍ തയാറാക്കുന്ന ഘട്ടത്തിൽതന്നെ ഇതിനുള്ള ചരടുവലി തുടങ്ങിയെന്ന് തെളിവുകള്‍ സഹിതം റിപ്പോർട്ടിലുണ്ട്. മെസ്സിയുടെ രണ്ട് മത്സരങ്ങളുടെ ഡി.പി.ആര്‍ തയാറാക്കിയത് കായിക വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കൊള്ള ലാഭം ഉറപ്പുവരുത്താൻ പ്രത്യേകം ശ്രദ്ധിക്കുന്നതാണ് ഈ ഡി.പി.ആർ. രണ്ട് മല്‍സരങ്ങളിൽ നിന്നുള്ള വരുമാനം 82 കോടി രൂപയെന്നാണ് കാട്ടിയത്. ചെലവാകട്ടെ 210 കോടിയും. കമ്മിയുള്ള 128 കോടി ബജറ്റ് ഗ്രാന്‍റിലൂടെ കണ്ടെത്തണമെന്നും ശിപാര്‍ശയുണ്ട്. വരുമാനം കണക്കാക്കിയതിലുമുണ്ട് കള്ളക്കളി. വരുമാനം കിട്ടാവുന്ന മേഖലയായി കാട്ടുന്നത് മൂന്നെണ്ണം മാത്രം. ടിക്കറ്റ്, സംപ്രേക്ഷണം, മീഡിയ. എന്നാൽ ഇതിനപ്പുറം കോടികളുടെ വരുമാനം കിട്ടുന്ന മറ്റ് മേഖലകള്‍ തന്ത്രപൂര്‍വം ഡി.പി.ആറിൽനിന്ന് ഒഴിവാക്കിയതും കള്ളക്കളിയാണ്.

മെസ്സി കളിച്ച മത്സരങ്ങളിലെ സാമ്പത്തിക റിപ്പോർട്ടുകളും പഠനവിധേയമാക്കിയിരുന്നു. ഒട്ടേറെ മറ്റ് ഇളവുകളും സര്‍ക്കാര്‍, സ്പോണ്‍സർക്കായി നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന്‍റെ രേഖകൾ പലതും കായിക വകുപ്പിന്‍റെ കൈവശമില്ലെന്ന സ്പെഷൽ സെക്രട്ടറി എസ്.ഐ.ടിക്ക് മൊഴി നൽകിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണവും നടക്കുന്നുണ്ട്. അതിനിടെ, മെസ്സിയുടെ പേരിൽ നടന്ന നികുതി തട്ടിപ്പിൽ ജി.എസ്.ടി വകുപ്പിന്‍റെ പ്രത്യേക അന്വേഷണസംഘം അനുബന്ധ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.

സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി 22.68 കോടി രൂപ ജി.എസ്.ടി അടയ്ക്കാതിരുന്നതിലാണ് അന്വേഷണം. ഉദ്യോഗസ്ഥ വീഴ്ച ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം 19ന് സംഘം ആദ്യ റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. സ്പോൺസറുടെ അക്കൗണ്ടിലേക്ക് കോടികൾ നിക്ഷേപിച്ച രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളോട് വിശദീകരണം തേടിയിരുന്നു. ഇതിന്‍റെ വിവരങ്ങളും ഉദ്യോഗസ്ഥ വീഴ്ചയിലെ കൂടുതൽ തെളിവുകളും അനുബന്ധ റിപ്പോർട്ടിൽ ഉണ്ടാകും.

Tags:    
News Summary - Foul play even in preparing the DPR in Messi's name

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.