ഇ.ഡി റിപ്പോർട്ടിൽ നിയമോപദേശം തേടി പൊലീസ്; കേസെടുത്താലും ഇല്ലെങ്കിലും ആഭ്യന്തരവകുപ്പിന് കുരുക്ക്
കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ കത്തിൽ തുടർനടപടിക്ക് നിയമോപദേശം തേടി ഡി.ജി.പി. അഡ്വക്കേറ്റ് ജനറലിൽ നിന്നാണ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടിയത്.
സി.എം.ആർ.എൽ-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏൽപ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്. മാസപ്പടി വിഷയത്തിൽ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഈ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര വകുപ്പ് എജിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമോ എന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാൽ വളരെ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.
ഇ.ഡിയുടെ കത്ത് സർക്കാറിനെ സംബന്ധിച്ച് ഇരുതല മൂർച്ചയുള്ള വാളാണിത്. ഇ.ഡി സ്വീകരിക്കുന്ന നിയമ തന്ത്രം സങ്കീർണവും സംസ്ഥാന സർക്കാരിന് രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കുന്നതുമാണ്. ഇ.ഡി റിപ്പോർട്ട് പ്രകാരം കേസെടുത്താൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി പ്രതിപക്ഷ നേതാവിനെ വേട്ടയാടുന്നുവെന്ന് ചിത്രീകരിക്കാൻ സി.പി.എം ശ്രമിക്കും. കേന്ദ്ര- സംസ്ഥാന അവിശുദ്ധ സഖ്യമാണ് ഇതിന് പിന്നിലെന്ന പ്രചാരണവുമുണ്ടാകും. അതേസമയം, സർക്കാർ കേസെടുക്കാതിരിക്കുന്ന സാഹചര്യം ഉപയോഗപ്പെടുത്തുക ബി.ജെ.പി ആയിരിക്കും. കോൺഗ്രസും സി.പി.എമ്മും തമ്മിൽ രഹസ്യ ധാരണയെന്നാകും ബി.ജെ.പി പ്രചാരണം. അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയർത്തും.
ഇ.ഡിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം സർക്കാരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ചൊവ്വാഴ്ച ഡി.ജി.പി അറിയിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ ഇ.ഡി ശേഖരിച്ച തെളിവുകളും മൊഴികളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് സമർപ്പിച്ച 25 പേജ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാർ നടത്തിയ കുറ്റസമ്മത പ്രകാരം, പിണറായി വിജയൻ സി.എം.ആർ.എല്ലിൽനിന്ന് വീണ വഴി കൈക്കൂലിയായി 3.28 കോടി കൈപ്പറ്റിയെന്ന് പറയുന്നു. മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങി ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചു. കൈക്കൂലി വാങ്ങാനും മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായിയെും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണ ആണെന്നാണ് റിപ്പോർട്ടിലെ പരാമർശം. കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് പേർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്ത കൈക്കൂലി നൽകുകയും പി. സുരേഷ് കുമാർ അതിന് കൂട്ടുനിൽക്കുകയും ചെയ്തതായി ഇ.ഡി ചൂണ്ടിക്കാട്ടുന്നു. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ് കമ്പനി വഴിയാണ് കൈക്കൂലി പണം കൈമാറിയതെന്നും വി.പി. ഫൈജാസ്, എം. നന്ദുലാൽ, ഷൈജൽ മുഹമ്മദ്, പി. നിഖിൽ, ഹസൻ വാരിസ് എന്നിവരാണ് ഇതിന് വീണയെയും റിയാസിനെയും സഹായിച്ചതെന്നും റിപ്പോർട്ടിലുണ്ട്. സേവനം നല്‍കാതെ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് എക്‌സാലോജിക് കമ്പനിക്കും വീണക്കും കോടിക്കണക്കിന് രൂപ പ്രതിഫലം ലഭിച്ചെന്ന കേസില്‍ പിണറായി വിജയന്‍റെയും റിയാസിന്‍റെ സുഹൃത്തുക്കളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തുകയും വീണയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കോടികളുടെ ഹവാല ഇടപാട് നടത്തിയ തെളിവുകൾ വീണയുടെ കൈപ്പടയിലുള്ള കുറിപ്പിൽനിന്ന് ലഭിച്ചെന്നാണ് ഇ.ഡി പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുത്തതായി ഇ.ഡി അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് കേസെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കത്ത് നൽകിയത്. ശശിധരൻ കർത്ത, സുരേഷ്കുമാർ, സി.എം.ആർ.എൽ ജീവനക്കാർ എന്നിവരടക്കം മറ്റ് പത്ത് പേർക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കേസെടുക്കേണ്ടവരുടെ പേരും പങ്കും വിശദീകരിച്ച് ഇ.ഡി
തിരുവനന്തപുരം: മാസപ്പടിക്കേസിൽ ഡി.ജി.പിക്ക് നൽകിയ കത്തിൽ, കേസെടുക്കേണ്ടവർ ആരൊക്കെയെന്ന് പേരും പങ്കും നമ്പറിട്ട് നിരത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും മകൾ ടി. വീണയും സി.എം.ആർ.എല്ലിൽനിന്ന് കൈക്കൂലി വാങ്ങിയെന്ന് മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. ആരോപിക്കുന്നത്. മുൻമന്ത്രിയും എം.എൽ.എയുമായ മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങിയെന്നും ആ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
പട്ടിക ഇങ്ങനെ
1. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ- മകൾ വീണ വഴി സി.എം.ആർ.എല്ലിൽനിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയതിന് കേസെടുക്കണം. സി.എം.ആർ.എൽ മുൻ സി.എഫ്.ഒ പി.സുരേഷ് കുമാറിന്റെ മൊഴിയാണ് ഇതിന് ആധാരം.
2. മുഹമ്മദ് റിയാസ്- വീണയിലൂടെയും കൂട്ടാളികളിലൂടെയും കൈക്കൂലി പണം സ്വീകരിച്ചതിനും ആ പണം ദുബൈയിലേക്ക് കൈമാറിയതിനുമാണ് റിയാസിനെതിരെ കേസെടുക്കേണ്ടത്.
3. ടി. വീണ- കൈക്കൂലി പണം ശേഖരിക്കാനും വഴിതിരിച്ചുവിടാനും പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു
4. എക്‌സാലോജിക് സൊല്യൂഷൻസ്- വ്യാജ പേയ്മെന്റുകൾ വഴിതിരിച്ചുവിടാൻ ഉപയോഗിച്ച കോർപ്പറേറ്റ് സ്ഥാപനം
5. എസ്.എൻ. ശശിധരൻ കർത്ത- സി.എം.ആർ.എൽ മാനേജിങ് ഡയറക്ടറായ ശശിധരൻ കർത്തക്കെതിരെ കൈക്കൂലി നൽകിയതിന് കേസെടുക്കണം
6. പി. സുരേഷ് കുമാർ -സി.എം.ആർ.എൽ മുൻ സി.എഫ്.ഒ ആയ സുരേഷ് കുമാറിനെതിരെ കൈക്കൂലി നൽകാൻ സഹായിച്ചതിന് കേസെടുക്കണം
7. എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ്സ്- കൈക്കൂലി പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനം.
എട്ടുമുതൽ 12വരെയുള്ള ഷൈജൽ മുഹമ്മദ്, നിഖിൽ, ഹസൻ വാരിസ്, വി.പി. ഫൈജാസ്, എം. നന്ദുലാൽ എന്നിവർ കൈക്കൂലി പണം ശേഖരിക്കാനും കൈമാറാനും വീണയെയും മുഹമ്മദ് റിയാസിനെയും സഹായിച്ചു.
13. അറിയപ്പെടാത്ത മറ്റുള്ളവർ -ബന്ധപ്പെട്ട ഗൂഢാലോചനക്കാരും സഹായം ചെയ്തവരും.
പരിശോധിച്ച് നടപടി -ചെന്നിത്തല
കൊല്ലം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന നിർദേശത്തിൽ പരിശോധിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ഡി.ജി.പിക്ക് ഇ.ഡിയിൽനിന്ന് കത്ത് ലഭിച്ചെന്നും, അത് വിശദമായി പരിശോധിച്ച ശേഷം നിയമം അതിന്റെ വഴിക്ക് പോകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. നിയമപ്രകാരമുള്ള നടപടികൾ മാത്രമേ പൊലീസ് കൈക്കൊള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തട്ടിക്കൂട്ടിയ കേസെന്ന് സി.പി.എം
തിരുവനന്തപുരം: രാഷ്ട്രീയ ഉന്നം വച്ചുള്ള ഇടപെടലിനെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തട്ടിക്കൂട്ടിയുണ്ടാക്കിയ മൊഴിക്കപ്പുറം യാതൊരു രേഖയും ഇ.ഡിയുടെ കൈവശമില്ല.
ഭരണമാറ്റത്തിന്‍റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയപകപോക്കലിന് യു.ഡി.എഫ് സർക്കാർ തയ്യാറാകുമെന്ന നിഗമനത്തിലാണ് കോടതി തള്ളിയ കേസ് വീണ്ടും ഇ.ഡി ഉന്നയിക്കുന്നത്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്നുവെന്ന നിലപാടുള്ള കോൺഗ്രസ്, ഈ കേസിൽ എന്ത് സമീപനം സ്വീകരിക്കുമെന്ന് ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.