മുള്ളെലികൾക്ക് 10 കോടി വർഷത്തെ പാരമ്പര്യമെന്ന് പഠനം

കോഴിക്കോട്: പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന മുള്ളെലികൾക്ക് (മലബാർ സ്‌പൈനി ട്രീ മൗസ്) ദശലക്ഷക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുണ്ടെന്ന് പഠനം. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ഇസെഡ്.എസ്.ഐ) ശാസ്ത്രജ്ഞർ മുള്ളെലികളുടെ ഡി.എൻ.എ ബാർകോഡ് കണ്ടെത്തിയതോടെയാണ് ഇവയുടെ ഉത്ഭവത്തിലേക്ക് വെളിച്ചം വീശിയത്.

വംശനാശ ഭീഷണി നേരിടുന്നതിനാൽ റെഡ് ഡേറ്റ ബുക്കിൽ ഗുരുതര ഭീഷണി നേരിടുന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തിയ മുള്ളെലികളുടെ ഉത്ഭവം അന്തിമ ജുറാസിക് കാലമായ യൂസീൻ ജിയോളജിക്കൽ കാലഘട്ടത്തിലാണ് (ഏതാണ്ട് 100 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഗോണ്ട്വാന ഭൂഖണ്ഡത്തിലെ ഒരു ജീവശേഷിപ്പാണിതെന്നും സൂചനയുണ്ട്. ഇസെഡ്.എസ്.ഐ ശാസ്ത്രജ്ഞരായ പുണെ വെസ്റ്റേൺ റീജനൽ സെന്ററിലെ ഡോ. എസ്.എസ്. താൽമാലെ, ഡോ. കെ.പി. ദിനേഷ്, ശബ്നം, കോഴിക്കോട് വെസ്റ്റേൺ ഘട്ട്‌സ് റീജനൽ സെന്‍ററിലെ ഡോ. ജാഫർ പാലോട്ട്, ചെന്നൈ സൗത്ത് റീജനൽ സെന്‍ററിലെ ഡോ. കെ.എ. സുബ്രഹ്മണ്യൻ എന്നിവർ ചേർന്നാണ് ഡി.എൻ.എ ബാർകോഡ് കണ്ടെത്തിയത്.

ഇസെഡ്.എസ്.ഐയിലെ ശാസ്ത്രജ്ഞർ ആദ്യമായാണ് മുള്ളെലിയുടെ വർഗത്തിൽപെട്ട പ്ലാറ്റകാന്തോമിസ് ലസ്യുറസ് എന്ന സ്പീഷീസിന്‍റെ ജനിതക ബാർ കോഡുകൾ വികസിപ്പിച്ചെടുത്തത്. 1859ൽ ശാസ്ത്രീയമായി രേഖപ്പെടുത്തപ്പെട്ട മുള്ളെലിയുടെ ജനിതക വിവരം 166 വർഷത്തിനു ശേഷമാണ് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. നിത്യഹരിത വനത്തിലെ മരപ്പൊത്തുകളിലാണ് മുള്ളെലികളുടെ വാസം. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് മുള്ളെലികളെ ക‍ണ്ടുവരുന്നത്.

ഔഷധഗുണമുണ്ടെന്ന വിശ്വാസത്തിൽ നേരത്തേ ആളുകൾ ഇവയെ ഭക്ഷിച്ചിരുന്നു. വംശനാശം സംഭവിച്ചുതുടങ്ങിയതോടെ ഇവയുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നൽകിയ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമത്തിന്‍റെ രണ്ടാമത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

വാസസ്ഥലങ്ങളുടെ തകർച്ചയാണ് ഇവയുടെ നിലനിൽപിനുള്ള പ്രധാന ഭീഷണിയെന്നാണ് നിരീക്ഷണം. ചെറിയ സസ്തനികളെക്കുറിച്ചുള്ള സർവേക്കിടയിൽ, ആറളം വന്യജീവി സങ്കേതത്തിലെ സൂര്യമുടിയിൽനിന്നാണ് ഗവേഷകർ മുള്ളെലിയെ പഠനത്തിന് ശേഖരിച്ചത്.

Tags:    
News Summary - Malabar spiny dormouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.