എരുമേലി: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നതോടെ എരുമേലിയിൽ തീർഥാടക തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ശനിയാഴ്ച പുലർച്ച മുതൽ തീർഥാടക വാഹനങ്ങൾ എരുമേലിയിലേക്ക് ഒഴുകിത്തുടങ്ങി. പാർക്കിങ് മൈതാനങ്ങൾ നിറഞ്ഞതോടെ രണ്ടുദിവസത്തെ വിശ്രമത്തിന് ശേഷം താൽക്കാലിക കടകളെല്ലാം തുറന്നു.
പേട്ടതുള്ളൽ പാതയായ എരുമേലി ടൗണിൽ തീർഥാടകരുടെ തിരക്കായതോടെ ഇവിടെ വൺവേ സംവിധാനം പുനരാരംഭിച്ചു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരുമേലി ടൗണിലൂടെ റാന്നി റോഡിലേക്ക് പോകാൻ അനുവദിക്കും. എന്നാൽ, റാന്നി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ജങ്ഷനിൽനിന്ന് തിരിഞ്ഞ് ടി.ബി റോഡ് വഴി വേണം എരുമേലി ടൗണിലെത്താൻ. തീർഥാടകർ എത്തിത്തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി ബസുകളും സ്പെഷൽ സർവിസുകൾ ആരംഭിച്ചു.
തീർഥാടനകാലത്ത് എരുമേലിയിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ വകുപ്പുകളും സജീവമായി രംഗത്തുണ്ട്.മകരവിളക്ക് മഹോത്സവ നാളുകളിൽ ശബരിമലയിലേക്ക് പോകുന്ന തീർഥാടകരിൽ അധികവും കാനന പാതയിലൂടെ നടന്നുപോകുന്നവരാണ്. കാനനപാതയിലും തിരക്ക് അനുഭവപ്പെട്ടു. എരുമേലി കൊച്ചമ്പലത്തിന്റെ പിറകിലൂടെ നേർച്ചപ്പാറ വഴി പേരൂർത്തോട് വരെയുള്ള കാനനപാത കാലങ്ങളായി അടഞ്ഞുപോയതോടെ തീർഥാടകർ എരുമേലി-മുണ്ടക്കയം പ്രധാന റോഡിലൂടെയാണ് നടക്കുന്നത്. നിരവധി വാഹനങ്ങളും കടന്നുപോകുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെയുള്ള തീർഥാടനയാത്ര അപകടസാധ്യതക്ക് കാരണമാകുമെന്ന് നാട്ടുകാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.