മനം നിറച്ച് മകരജ്യോതി

ശബരിമല: മകരസംക്രമ സന്ധ്യശോഭയില്‍ പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ ദിവ്യജ്യോതി ദര്‍ശിച്ചും തിരുവാഭരണമണിഞ്ഞ അയ്യപ്പനെ വണങ്ങിയും ഭക്തലക്ഷങ്ങള്‍ മലയിറങ്ങി. ദീപാരാധനക്ക് ശ്രീകോവില്‍ നട തുറന്നതോടെ സന്നിധാനത്തും പൂങ്കാവനത്തിനു ചുറ്റും ദിവസങ്ങളോളം കാത്തിരുന്ന ഭക്തലക്ഷങ്ങള്‍ക്കുമുന്നില്‍ ദര്‍ശനസാഫല്യമായി ജ്യോതി തെളിഞ്ഞു.

6.40ഓടെയാണ് മകരവിളക്ക് മൂന്നുതവണ തെളിഞ്ഞത്. നേരത്തേ, ശ്രീകോവിലിലേക്ക് ആചാരപൂര്‍വം എഴുന്നള്ളിച്ച തിരുവാഭരണപേടകം തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രധാനപേടകം ഒഴിച്ച് മറ്റ് രണ്ടും മാളികപ്പുറത്തേക്ക് കൊണ്ടുപോയി. ഇതിലൊന്നില്‍ സ്വര്‍ണക്കൊടിയും മറ്റേതില്‍ തങ്കക്കുടവുമായിരുന്നു. തിരുവാഭരണം ചാര്‍ത്തിയ ശേഷമായിരുന്നു ദീപാരാധന. 

പന്തളം കൊട്ടാരത്തില്‍നിന്ന് തിരുസന്നിധിയിലേക്ക് ഘോഷയാത്രയോടെ എഴുന്നള്ളിച്ച തിരുവാഭരണപേടകത്തെ കൊടിമരച്ചുവട്ടില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ. രാഘവന്‍,  കലക്ടര്‍ ആര്‍. ഗിരിജ തുടങ്ങിയര്‍ സ്വീകരിച്ചു. 
ശരംകുത്തിയില്‍നിന്ന് തിരുവാഭരണ ഘോഷയാത്രയെ എക്സിക്യൂട്ടിവ് ഓഫിസര്‍ ആര്‍. രവിശങ്കര്‍, ശബരിമല സ്പെഷല്‍ ഓഫിസര്‍ എസ്. സുരേന്ദ്രന്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്വീകരിച്ചു. ദീപാരാധന തൊഴാന്‍ നടന്മാരായ ജയറാമും വിവേക് ഒബ്രോയിയും ഉണ്ടായിരുന്നു.

Tags:    
News Summary - makara jyothi sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.