കേരള വിദ്യാഭ്യാസ മാതൃക പഠിക്കാൻ മഹാരാഷ്ട്ര മന്ത്രിയും സംഘവും തലസ്ഥാനത്ത്​; വി.ശിവൻകുട്ടിയുമായി ചർച്ച നടത്തി

തിരുവനന്തപുരം: കേരള വിദ്യാഭ്യാസ മാതൃകയുമായി ബന്ധപ്പെട്ട പഠനം നടത്താൻ മഹാരാഷ്ട്ര വിദ്യാഭ്യാസമന്ത്രി ദീപക്ക് വസന്ത് കേസാർക്കറും ഉന്നത ഉദ്യോഗസ്ഥരും തിരുവനന്തപുരത്തെത്തി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി സംഘം ചർച്ച നടത്തി. കേരള മോഡൽ വിദ്യാഭ്യാസവും അതിന്റെ ഭരണപരമായ വിവരങ്ങളും സംബന്ധിച്ച ആശയവിനിമയമാണ് നടന്നത്.

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും അതിന്‍റെ തുടർച്ചയായ വിദ്യാകിരണം പദ്ധതിയും അതിന്റെ ഗുണഫലങ്ങളും ചർച്ചയായി. പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കി വരുന്ന നവീന ആശയങ്ങളും പദ്ധതികളും വിശദമാക്കി. പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച മാതൃകകളാണ് കേരളം നടപ്പാക്കുന്നതെന്ന് മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക്ക് കേസർക്കാർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവന്മാരുടെയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും സംയുക്ത യോഗത്തിലാണ് മഹാരാഷ്ട്ര മന്ത്രി ഇക്കാര്യം സൂചിപ്പിച്ചത് .

കേരളം ജൂൺ ഒന്നിന് നടത്തിവരുന്ന പ്രവേശനോത്സവം ഇനിമുതൽ മഹാരാഷ്ട്രയിലും അടുത്ത വർഷം മുതൽ നടപ്പാക്കുമെന്നും അതിൽ ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും യോഗത്തിൽ മന്ത്രി പറഞ്ഞു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ചുവരുന്ന കലാ, കായിക, ശാസ്ത്ര സാങ്കേതിക മത്സരങ്ങൾ അടക്കമുള്ളവ മഹാരാഷ്ട്ര വിദ്യാഭ്യാസരംഗത്തും നടപ്പാക്കുന്നതിന് ശ്രമിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു

Tags:    
News Summary - Maharashtra minister and team in capital to study Kerala education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.