കൊച്ചി: പാചക വാതക വില കുതിച്ചുയരുന്നതിനിടെ കൂടുതൽ ഗാർഹിക ഉപഭോക്താക്കളെ പൈപ്പ് പാചക വാതക വിതരണ കമ്പനികളുടെ വലയിൽ എത്തിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി 10 ലക്ഷം രൂപയിൽ കൂടുതൽ കുടുംബ വാർഷിക വരുമാനമുള്ളവരെ പാചക വാതക സബ്സിഡിയിൽ നിന്ന് ഒഴിവാക്കുമെന്ന് കാട്ടി പൊതുമേഖലാ എണ്ണ കമ്പനികൾ ഉപഭോക്താക്കൾക്ക് ഫോണുകളിൽ സന്ദേശം അയച്ചു തുടങ്ങി. പൈപ്പ് വാതക കണക്ഷൻ എടുത്തവർ നിർബന്ധമായും ഗാർഹിക സിലിണ്ടർ കണക്ഷൻ സറണ്ടർ ചെയ്യണമെന്ന ഉത്തരവിന് പിന്നാലെയാണ് പുതിയ നീക്കം.
2016 ജനുവരി ഒന്ന് മുതൽ നിലവിലുള്ളതാണ് 10 ലക്ഷം കുടുംബവരുമാന പരിധി നിയമം. എന്നിരിക്കെ പൊടുന്നനെ കർശനമാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതാണ് ൈപപ്പ് വഴി ഗ്യാസ് വിതരണം ചെയ്യുന്ന കമ്പനികളെ സഹായിക്കാനാണെന്ന സംശയം ശക്തമാക്കിയത്. പൈപ്പ് ഗ്യാസ് കണക്ഷൻ എടുത്തവർക്ക് 2026 ജൂൺ മുതൽ ഗ്യാസ് സിലിണ്ടർ ലഭിക്കില്ലെന്ന് കാട്ടി ഒരു മാസം മുമ്പ് പൊതുമേഖലാ എണ്ണകമ്പനികൾ അറിയിപ്പ് നൽകിയിരുന്നു. ഇതിനു തൊട്ടു പിറകെയാണ് 10 ലക്ഷം വരുമാന പരിധിയും കർശനമാക്കുന്നത്.
നിങ്ങളുടെയോ അല്ലെങ്കിൽ കുടുംബാംഗത്തിന്റെയോ വരുമാനം ലഭ്യമായ വിവരം അനുസരിച്ച് 10 ലക്ഷം രൂപ കവിഞ്ഞെന്നും ഇതിൽ തർക്കമുണ്ടെങ്കിൽ ടോൾ ഫ്രീ നമ്പറിലോ എണ്ണ കമ്പനികളെയോ ഏഴ് ദിവസത്തിനകം അറിയിക്കണമെന്നാണ് അറിയിപ്പ്. അല്ലെങ്കിൽ പാചക വാതക സബ്സിഡി ഇല്ലാതാക്കും എന്ന മുന്നറിയിപ്പുമുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള 14.5 കിലോ സിലിണ്ടർ പാചകവാതകം ഉപയോഗിക്കുന്ന ഒരു ശരാശരി കുടുംബത്തിന് മാസം നിലിവിലെ നിരക്കിൽ 920 രൂപയോളമാണ് ചിലവ്. എന്നാൽ പൈപ്പ് ഗ്യാസിലേക്ക് മാറിയ ഉപഭോക്താക്കൾക്ക് പ്രതിമാസ ചിലവ് 1500 രൂപ മുതൽ 2000 രൂപവരെയാണ്. ഇതോടെ പലരും ൈപപ്പ് ഗ്യാസ് ഉപയോഗിക്കുന്നത് നിർത്തി. ഇത് അദാനി ഗ്യാസ് ഉൾപ്പെടെയുള്ള കമ്പനികളെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ മാർച്ച് 14ന് ‘ഒരു വീട്, ഒരു ഗ്യാസ് കണക്ഷൻ’ എന്ന പേരിൽ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് ഈ പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു എന്നാണ് കരുതുന്നത്. കരിഞ്ചന്ത ഇല്ലാതാക്കാൻ എന്നപേരിൽ ഇറക്കിയ ഉത്തരവ് പ്രകാരം പൈപ്പ് ഗ്യാസ് കണക്ഷൻ എടുത്തവർ സിലിണ്ടർ കണക്ഷൻ നിർബന്ധമായും ഒഴിവാക്കണം. ഇവയിൽ ഒന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഉപഭോക്താക്കൾക്ക് ഉണ്ടായിരുന്നില്ല. പൈപ്പ് വാതക കണക്ഷനുള്ളവർക്ക് പുതിയ പാചക വാതക കണക്ഷന് അപേക്ഷിക്കാനും കഴിയില്ല.
പൈപ്പ് ഗ്യാസ് സംവിധാനം ഉള്ള നഗരങ്ങളിലെ വാണിജ്യ ഉപഭോക്താക്കളെയും പൈപ്പ് ഗ്യാസിലേക്ക് മാറാൻ നിർബന്ധിതരാക്കാൻ ശ്രമം തുടങ്ങിയതായും ആരോപണമുണ്ട്. പശ്ചിമേഷ്യാ സംഘർഷത്തിന്റെ മറവിൽ വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വരുത്തിയ 1000 രൂപക്ക് അടുത്ത വർധന പോലും ഈ പദ്ധതിയുടെ ഭാഗമാണെന്ന സംശയം ശക്തമാകുകയാണ്. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3050 രൂപ നൽകണം. വാണിജ്യ സിലിണ്ടറിന്റെ വില ഉയരുന്നതോടെ കൂടുതൽ സുരക്ഷിതമാണെന്നതു കൂടി പരിഗണിച്ച് ഉപഭോക്താക്കൾ പൈപ്പ് ഗ്യാസിലേക്ക് തിരിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.