വി.ഡി. സതീശൻ

അർഹമായ പരിഗണന ലഭിക്കുന്നില്ല; അലോഷ്യസിന്‍റെ പരാതി അറിഞ്ഞില്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: കോണ്‍ഗ്രസിനായി പ്രവര്‍ത്തിച്ചവരെയും പോഷക സംഘടനക്കാരെയും സര്‍ക്കാര്‍ നിയമനങ്ങളില്‍ ആവശ്യമായ രീതിയില്‍ പരിഗണിക്കുന്നില്ലെന്ന തരത്തില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഉയര്‍ത്തിയ പരാതി തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആർ.എസ്.എസുകാരനെ സര്‍ക്കാര്‍ പ്ലീഡറായി നിയമിച്ചുവെന്ന് കെ.എസ്.യു ഉയര്‍ത്തിയ പ്രതിഷേധവും അദ്ദേഹം തള്ളി.

പ്ലീഡര്‍ നിയമനത്തില്‍ ഒരാള്‍ കോളജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു, മറ്റൊരാള്‍ ബി.ജെ.പി എന്നാണ് പരാതി. ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നല്‍കിയ ലിസ്റ്റില്‍ ഈ രണ്ടുപേരും ഉണ്ടായിരുന്നു. രണ്ടുപേരും ഈ സംഘടനയില്‍ അംഗങ്ങളുമാണ്. അവരുടെ പശ്ചാത്തലം കൂടി പരിശോധിച്ച് എ.ജി.യുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് നിയമനം.

തന്നോട് കെ.എസ്.യു നേതാക്കള്‍ ആരും പരാതി പറഞ്ഞിട്ടില്ല. സര്‍ക്കാര്‍ പ്ലീഡറെ തീരുമാനിക്കുന്നത് കെ.എസ്.യു യൂണിറ്റ് കമ്മിറ്റിയാണോ എന്ന് ചോദിച്ച അദ്ദേഹം, ഇതെല്ലാം മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ വാർത്തകളാണെന്നും ആരോപിച്ചു. പി.എം. ശ്രീയില്‍ തീരുമാനം ഉടനെയുണ്ടാകും. അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പി.എം. ശ്രീ പരിഗണിക്കും. ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ചതില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ല.

റിപ്പോര്‍ട്ട് ഇപ്പോഴും ഡി.ജി.പി.ക്ക് മുന്നിലാണ്. എത്തിയാല്‍ മാത്രമേ നടപടി എടുക്കാന്‍ പറ്റൂ. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാകണം. എം.ആർ. അജിത് കുമാറിന്റെ കേസില്‍ പല കാരണം കൊണ്ടും പലര്‍ക്കും പല ധൃതിയും ഉണ്ടാകും. പക്ഷേ നടപടിക്രമം തീരണം. അജിത് കുമാറിനെതിരെ നടപടി എടുക്കേണ്ടത് മാധ്യമങ്ങളല്ല. മാധ്യമങ്ങള്‍ നടപടി എടുക്കുമ്പോള്‍ അറിഞ്ഞാല്‍ മതി. വാര്‍ത്ത കണ്ട് നടപടി എടുത്താല്‍ കുറ്റാരോപിതര്‍ കോടതിയില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - V.D. Satheesan said he was not aware of Aloysius' complaint.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.