പത്തനംതിട്ട: അടൂരിലെ ഷഹാന(31)യുടെ മരണത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഏഴംകുളം സ്വദേശി അരുൺ ആണ് അറസ്റ്റിലായത്. മരണത്തെത്തുടർന്ന് ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മരണത്തിന് മുമ്പ് ഷഹാനയെ അരുൺ മർദിച്ചതായും ഇതാവാം ജീവനൊടുക്കാൻ കാരണമെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ഷഹാനയെ തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ വെച്ച് യുവതിയും ആൺ സുഹൃത്തും തമ്മിൽ കയ്യാങ്കളി നടന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷഹന ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും കോടതിയിൽ ഉണ്ട്.
അതേസമയം, യുവതി ആത്മഹത്യ ചെയ്തതല്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
വീട്ടിനുള്ളിലെ ഹാളിൽ സ്റ്റെയറിന്‍റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽമുട്ടുകൾ മടങ്ങിയ നിലയിലായിരുന്നു. സംഭവമറിഞ്ഞ് ആളുകൾ എത്തുമ്പോൾ ഷഹാനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഷാൾ കഴുത്തിൽ കുരുങ്ങിയപ്പോൾ കഴുത്തിലെ ഞരമ്പുകൾ പൊട്ടി മുക്കിൽ കൂടി എത്തിയ രക്തമെന്നാണ് മൃതദേഹപരിശോധനയിൽ നിന്നും മനസ്സിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. അരുൺ സുഹൃത്തുക്കളുമൊത്ത് മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തെ പറ്റിയുള്ള തർക്കമാണ് ഉണ്ടായതെന്നാണ് പറയുന്നത്.
തർക്കത്തിനിടയിൽ ഷഹാന മുറിക്ക് പുറത്തേക്ക് പോയി. ഈ സമയം താൻ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ ഒരു ശബ്ദം കേട്ട് ചെന്നു നോക്കുമ്പോഴാണ് ഷഹാന തൂങ്ങി നിൽക്കുന്നത് കണ്ടതെന്നാണ് അരുൺ പൊലീസിന് നൽകിയ മൊഴി. അടൂർ ഡിവൈ.എസ്.പി. വി.എസ്. പ്രദീപ്കുമാർ, സി.ഐ. അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടികൾ സ്വീകരിച്ചത്.
ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് സംഭവസ്ഥലം സന്ദർശിച്ചു. എന്നാൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.