നെൻമാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി നാളത്തേക്ക് മാറ്റി

പാലക്കാട്: നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി നാളെ.  കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇന്ന് ശിക്ഷ വിധിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ്  പ്രോസിക്യൂഷൻ വാദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം കോടതിയിൽ വിചാരണക്ക് കൊണ്ടുവരുമ്പോൾ യാതൊരു മാനസാന്തരവുമില്ലാതെയായിരുന്നു ചെന്താമരയുടെ പെരുമാറ്റം.  എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് യാതൊരു ഭാവ ഭേദവുമില്ലാതെ തൂക്കി കൊന്നോളൂ എന്നാണ് ഇയാൾ കോടതിക്ക് മറുപടി നൽകിയത്. ചെന്താമരക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കൾ കോടതിയോട് പറഞ്ഞു.

2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 28ന് രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്. പൊലീസ്‌ നാട്ടുകാരുമായി ചേർന്ന്‌ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ അവസാനിപ്പിച്ചതായി പ്രതീതിയുണ്ടാക്കിയാണ്‌ ഇയാൾ വീട്ടിലേക്കെത്തുന്ന വഴിയിൽ വെച്ച് പിടികൂടിയത്. 

2019ല്‍ സുധാകരന്‍റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. തന്‍റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചെന്താമരയുടെ വിശ്വാസം. ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചു. ഇതിന്‍റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് സുധാകരനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്.

കേസിൽ ചെന്താമരയുടെ സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 52 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചിരുന്നു. ചെന്താമര ഏക പ്രതിയായ കേസിൽ പൊലീസുകാർ ഉൾപ്പെടെ 133 സാക്ഷികളാണുള്ളത്. മുപ്പതിലധികം രേഖകളും ഫോറൻസിക് പരിശോധനാ ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തിലുണ്ട്.

Tags:    
News Summary - final verdict on nenmara twin murder case will announce tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.