തിരുവനന്തപുരം: കേന്ദ്ര നിലയങ്ങളിൽനിന്നും ലഭ്യതയിൽ കുറവുവന്നതോടെ സംസ്ഥാനത്ത് രൂപംകൊണ്ട വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായില്ല. പവർ എക്സ്ചേഞ്ചിൽനിന്ന് 500 മെഗാവാട്ട് വാങ്ങുന്നുണ്ട്. 200 മെഗാവാട്ടിെൻറ കുറവ് നികത്താൻ ഗ്രാമീണ മേഖലയിലടക്കം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. വരും ദിവസങ്ങളിലും ഇതു തുടരും.
അതിനിടെ പ്രളയത്തിൽ തകരാർ സംഭവിച്ച ലോവർ പെരിയാർ നിലയം പ്രവർത്തനക്ഷമമാക്കാൻ ബോർഡ് നടപടി ആരംഭിച്ചു. ഇതു പൂർത്തിയായാൽ 180 മെഗാവാട്ട് വൈദ്യുതി ലഭിക്കും. ജനറേറ്ററുകളിലെ ചളി നീക്കം ചെയ്യേണ്ടതുണ്ട്. എന്നാൽ, ഇൗ പ്രവൃത്തികൾ നടത്തിയാൽ വൻതോതിൽ ചളി പുറത്തേക്ക് വരുകയും പെരിയാറിലെ വെള്ളം കലങ്ങുകയും ചെയ്യും.
ഇതു പെരിയാറിലെ കുടുവെള്ള പദ്ധതികളിലെ പമ്പിങ്ങിനെ ബാധിക്കും. ഇൗ സാഹചര്യത്തിൽ ജലഅതോറിറ്റി അധികൃതരടക്കമുള്ളവരുമായി ആശയ വിനിമയം നടത്തിയ ശേഷമാകും ലോവർപെരിയാർ ജനറേറ്ററുകളിലെ ചളി നീക്കം ചെയ്യുക. വരുന്ന ഏതാനും ദിവസങ്ങൾക്കകം ഇൗ ജോലി പൂർത്തിയാക്കും.
ലോവർ പെരിയാറിലെ ഉൽപാദനം ആരംഭിക്കുന്നതോടെ നിയന്ത്രണം നീക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രളയത്തിൽ തകരാറിലായ അഞ്ചോളം നിലയങ്ങളാണ് അടഞ്ഞുകിടക്കുന്നത്. ഇത് വൈദ്യുതി ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇടുക്കി, ശബരിഗിരി പ്രധാന നിലയങ്ങൾ പൂർണതോതിൽ പ്രവർത്തിക്കുകയാണ്. ശനിയാഴ്ച 68.27 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിൽ 35.72 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. 32.50 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ഉൽപാദിപ്പിച്ചു.
അണക്കെട്ടുകളിലെ ജലനിരപ്പ് 85 ശതമാനമായി കുറഞ്ഞു. വലിയ സംഭരണിയായ ഇടുക്കിയിൽ 85ഉം ശബരിഗിരിയിൽ 83ഉം ശതമാനം വെള്ളമാണുള്ളത്. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് 10.68 ദശലക്ഷം യൂനിറ്റായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.