അറബിക്കടലിൽ ന്യൂനമർദം, മഴ കനക്കും, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിയ്ക്കാൻ സാധ്യതയുള്ള മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ചാണ് തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂന മർദമായി മാറിയത്. അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാവുകയും, തുടർന്ന് ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 20 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മിതമായ, ഇടത്തരം മഴക്കും, ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Tags:    
News Summary - Low pressure in Arabian Sea, heavy rainfall, yellow alert in three districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.