ലോകായുക്ത നോട്ടീസ് അയച്ചത് സാധാരണ നടപടിക്രമം മാത്രം - വീണാ ജോർജ്

ന്യൂഡൽഹി: കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടർന്ന് ലോകായുക്ത നോട്ടീസ് അയച്ചത് നടപടി ക്രമം മാത്രമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വിപണിയേക്കാൾ ഉയർന്ന വിലയ്ക്ക് ആരോഗ്യ ഉപകരണങ്ങൾ വാങ്ങിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിൽ ലോകായുക്ത മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജക്ക് നോട്ടീസ് അയച്ച വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ലോകായുക്തയുടെ മുന്നിൽ പരാതി സമർപ്പിക്കപ്പെട്ടാൽ അവരുടെ നടപടി ക്രമമാണ് പരാതിയുടെ പശ്ചാത്തലത്തിൽ നോട്ടീസ് അയക്കുക എന്നത്. ആ നടപടി ക്രമം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനപ്പുറത്തേക്ക് അതിനെ വ്യഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പേവിഷബാധക്ക് കുത്തിവെപ്പെടുത്തിട്ടും അഞ്ച് മരണങ്ങൾ സംഭവിച്ച വിഷയത്തിൽ പൊതു സമൂഹത്തിന്റെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് മരുന്നുകൾ വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചത്. ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട് പ്രകാരം ​കേന്ദ്ര ഡ്രഗ്സ് ലബോറട്ടറിയിലാണ് പരിശോധിക്കേണ്ടത്. വാക്സിനും ഇമ്യൂണോഗ്ലോബുലിനും അവിടെ നിന്ന് ഒരിക്കൽ സർട്ടിഫൈ ചെയ്തിരുന്നു. എന്നാൽ ഈയൊരു സാഹചര്യത്തിൽ വീണ്ടും പരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ അവിടെ പരിശോധിച്ച് ഫലം വന്നു. അത് ഗുണനിലവാരമുള്ളതാണെന്ന് വീണ്ടും സർട്ടിഫൈ ചെയ്തിട്ടുണ്ട്.

ഈ മരണങ്ങളിൽ വിവിധ തലങ്ങളിൽ അതിസൂക്ഷ്മമായി തന്നെ ഡെത്ത് ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ വിവിധ മേഖലകളിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തി ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ചെയർമാനായി സമിതി രൂപീകരിച്ച് പഠനം തുടങ്ങി. ഈ സമിതി ഏതാനും ദിവസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതു താത്പര്യം മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുള്ളത്. സന്ദർശനം കൊണ്ട് നിരവധി കരാറുകളിൽ ഏർപ്പെടാൻ സാധിചിട്ടുണ്ട്. അവ മുഖ്യമന്ത്രി തന്നെ വിശദീകരിക്കും. മുഖ്യമന്ത്രിക്കൊപ്പം പോയത് അദ്ദേഹത്തിന്റെ ഭാര്യയാണ്. കുടുംബാംഗങ്ങൾ സർക്കാർ ചെലവിലല്ല, അവരുടെ സ്വന്തം ചെലവിലാണ് പോയതെന്നും അത് ആർക്കും പരിശോധിക്കാവുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.