രാഷ്ട്രീയത്തിനപ്പുറത്തേക്ക് സാമുദായിക-കാർഷിക താൽപര്യങ്ങളിൽ അടിയൊഴുക്കുള്ള മണ്ഡലത്തിൽ ഇക്കുറി ത്രികോണ മത്സരം ഇല്ല. 2019ലെ ശബരിമല യുവതീ പ്രവേശനവിരുദ്ധ പ്രക്ഷോഭത്തിന്റെ അലയൊലികൾ തേടി എൻ.ഡി.എ എത്തിച്ച അനിൽ കുര്യൻ ആന്റണിക്ക് ബി.ജെ.പി അണികളിൽപോലും ആവേശം വിതറാൻ കഴിഞ്ഞിട്ടില്ല. മണ്ഡലം രൂപവത്കരിച്ച 2009 മുതൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ആന്റോയുടെ ഭൂരിപക്ഷത്തിലുണ്ടായ കുറവിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. 2009ൽ 1,11,206 വോട്ടിന്റെയും 2014ൽ 56,191 വോട്ടിന്റെയും ഭൂരിപക്ഷത്തിൽ ജയിച്ച യു.ഡി.എഫിന് 2019ൽ ഭൂരിപക്ഷം 44,243 വോട്ടായി കുറഞ്ഞു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വെന്നിക്കൊടി പാറിച്ച എൽ.ഡി.എഫ് നേടിയതാകട്ടെ, 73,647 വോട്ടുകളുടെ ഭൂരിപക്ഷവും. 2019ൽ നേടിയ വോട്ടിന്റെ പിൻബലമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ജനവിധി തേടിയ മണ്ഡലത്തിൽ അന്നു ലഭിച്ചത് 2,95,627 വോട്ടാണ്. എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള അന്തരമാകട്ടെ 39,849 വോട്ടിന്റേതായിരുന്നു.
സമുദായ സംഘടനകൾക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമായതിനാൽ അവരുടെ നിലപാടുകളാണ് വിജയഘടകം. വോട്ടർമാരിൽ ക്രൈസ്തവരും ഹൈന്ദവരും ഏകദേശം ഒപ്പമാണ്. 56.93 ശതമാനം ഹൈന്ദവരും 38.12 ശതമാനം ക്രൈസ്തവരും 4.60 ശതമാനം മുസ്ലിംകളുമാണുള്ളത്. പിന്നാക്കവിഭാഗങ്ങൾ അഞ്ച് ശതമാനം. ഹൈന്ദവരിൽ പ്രബലർ നായർ സമുദായമാണ്. തൊട്ടുപിന്നിൽ ഈഴവർ.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ പൂർണമായി ചുവന്ന മണ്ഡലത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ പൊതുവേ യു.ഡി.എഫ് അനുകൂല മാനസികാവസ്ഥയാണ് പ്രതിഫലിച്ച് വരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ന്യൂനപക്ഷ വോട്ടുകൾ ഗണ്യമായി എൽ.ഡി.എഫിന്റെ പെട്ടിയിൽ വീണെങ്കിലും മണ്ഡലം ഇക്കുറി ലോക്സഭ തെരഞ്ഞെടുപ്പിൽ പാരമ്പര്യം അടിയറവെക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്. പരമ്പരാഗത യു.ഡി.എഫ് മണ്ഡലം എന്നതാണ് ആന്റോ ആന്റണിക്കുള്ള ഏറ്റവും അനുകൂലഘടകം. കേന്ദ്രത്തിൽ ഇൻഡ്യ മുന്നണിയെ അധികാരത്തിലെത്തിക്കാൻ മുസ്ലിം വോട്ടുകളും യു.ഡി.എഫിലേക്ക് ഏകീകരിക്കപ്പെടുന്നുണ്ട്. ഈരാറ്റുപേട്ട നഗരസഭയിൽ ഭരണസ്വാധീനമുള്ള എസ്.ഡി.പി.ഐക്ക് ഇരുപതിനായിരം വോട്ടെങ്കിലും സ്വാധീനിക്കാൻ കഴിയും. ഇതും യു.ഡി.എഫിന് അനുകൂല ഘടകമാണ്. സമദൂരം പറയുമെങ്കിലും ശബരിമല പ്രക്ഷോഭ കാലത്തിന് പിന്നാലെ ഇൗശ്വരവിശ്വാസമുള്ളവരെയേ പിന്തുണക്കൂ എന്ന എൻ.എസ്.എസ് നിലപാടിന് മാറ്റമില്ലാത്തതും യു.ഡി.എഫിന് ഉപകരിക്കും.
അതേസമയം തോമസ് ഐസക്കിന്റെ പാർട്ടി ബന്ധങ്ങളേക്കാൾ വർഷങ്ങൾകൊണ്ട് മണ്ഡലത്തിൽ വളർത്തിയെടുത്ത വ്യക്തിബന്ധവും വിവിധ സമുദായ നേതാക്കളുമായുള്ള അടുപ്പവും വോട്ടാകുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ. 2019ലെ പ്രത്യേക സാഹചര്യത്തിൽ എൻ.ഡി.എ പെട്ടിയിൽ വീണ വോട്ടുകളും ഇപ്രാവശ്യം മറിയുമെന്നതും ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫ് പ്രതിനിധീകരിക്കുന്നതും അനുകൂല ഘടകങ്ങളാണ്.
പുറത്തുവന്ന സർവേകളിലെല്ലാം യു.ഡി.എഫ് അനുകൂല തരംഗമുള്ള മണ്ഡലത്തിൽ ഇക്കുറി കാർഷിക വിഷയങ്ങൾക്കുപരി രാജ്യമെങ്ങുമുള്ള ന്യൂനപക്ഷ വേട്ടക്കെതിരായ വോട്ടായിരിക്കും ഏകീകരിക്കപ്പെടുക. എ ക്ലാസ് മണ്ഡലത്തിൽ ബി.ജെ.പി മൂന്നാം സ്ഥാനത്തായിരിക്കും. ഇൻഡ്യ മുന്നണിക്കായി മണ്ഡലം വോട്ട് ചെയ്താൽ അത് എൽ.ഡി.എഫിന് ഭീഷണിയാകും. നേരിയ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് വീണ്ടും കരകയറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.