അടൂർ പ്രകാശ്, വി. ജോയി

വിജയം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം കേന്ദ്രീകരിച്ച് മൂന്നു​ മുന്നണികളും നന്നായി പണിയെടുക്കുന്ന മണ്ഡലമാണ്​ ആറ്റിങ്ങൽ. മലയോരം മു​തൽ കട​ലോരം വരെ നീളുന്ന ഭൂപ്രദേശത്തിൽ നടന്നത് അരയും തലയും മുറുക്കിയുള്ള പ്രചാരണം. തുടക്കം മുതൽ പ്രചാരണത്തിൽ ​നേടിയ മേൽ​ക്കൈ ​വോട്ടിലും പ്രതിഫലിക്കുമെന്ന്​ ഇടതുപക്ഷം കരുതുന്നു. കേ​ന്ദ്രത്തിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ, അവരുടെ നിലപാടുകളെ ചോദ്യം ചെയ്യാൻ ഇടതുതന്നെ വേണമെന്ന ​സന്ദേശവും സ്ഥാനാർഥി വി​.​ ജോയി ഈ നാട്ടുകാരനാണ്​ എന്നതും ഉയർത്തിക്കാട്ടിയാണ്​ മുഖ്യമായും ഇടതു പ്രചാരണം. പ്രചാരണാവേശങ്ങൾക്കപ്പുറം അടിയൊഴുക്കുകളിലാണ്​ യ​ു.ഡി.എഫ്​ പ്രതീക്ഷ. ന്യൂനപക്ഷവോട്ടുകളുടെ കേന്ദ്രീകരണം, ഭരണവിരുദ്ധ വികാരം എന്നിവ ​വോട്ടായി മാറിയാൽ കഴിഞ്ഞ തവണത്തെ വിജയം അടൂർ ​പ്രകാശിന്​ ആവർത്തിക്കാനാവും. ഈഴവ വോട്ടുകൾ ഫലനിർണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലത്തിൽ ഈ വോട്ടുകൾ മൂന്ന് സ്ഥാനാർഥികൾക്കും വിഭജിച്ച് പോകും. ഇതിൽ യു.ഡി.എഫ്, എൽ.ഡി.എഫ് തുടർന്ന് ബി.ജെ.പി എന്ന നിലയിലെ വോട്ട് വിഭജനത്തിനാണ് സാധ്യത.

നില മെച്ചപ്പെടുത്തലി​നപ്പുറം ജയിക്കാൻതന്നെയാണ്​ മത്സരമെന്ന സന്ദേശത്തോടെയാണ്​ ബി.ജെ.പി സ്ഥാനാർഥി വി. മുരളീധരന്‍റെ പ്രചാരണമെങ്കിലും ഇരുമുന്നണികൾക്കും ലഭിക്കാവുന്ന വോട്ടുവിഹിതം മറികടക്കൽ എളുപ്പമല്ല. ന്യൂനപക്ഷ നിലപാടിനെ യു.ഡി.എഫും എൽ.ഡി.എ

ഫ​ും ഏറെ പ്രാധാന്യത്തോടെ കാണുന്നു. ഇടതിന്​ അടിത്തറയുള്ള മണ്ഡലമാണെങ്കിലും വർത്തമാനകാല സാഹചര്യങ്ങൾ വോ​ട്ടർമാരെ സ്വാധീനിക്കാറുള്ള മണ്ഡലമാണിത്​. കഴിഞ്ഞ തവണ നഷ്​ടപ്പെട്ട സീറ്റ് തിരികെപ്പിടിക്കാൻ സി. പി.എം സംഘടനസംവിധാനം പൂർണതോതിൽ ഉപയോഗിക്കുന്നു. ​ക്ഷേമ പെൻഷനക്കം മുടങ്ങിയത്​ കേരളത്തെ​ കേന്ദ്രം ​ശ്വാസം മുട്ടിച്ചതുകൊണ്ടാണ്​ എന്നതടക്കം കുടുംബയോഗങ്ങളിലും വീടുവീടാന്തരം കയറിയിറങ്ങിയുമുള്ള ​പ്രചാരണത്തിൽ ബോധ്യപ്പെടുത്തുന്നു.

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾമൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായെന്ന്​ ജനങ്ങളെ ഓർമിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു യു.ഡി.എഫ്​. കർഷകരും തോട്ടം,കയർ, മത്സ്യ തൊഴിലാളികളുമടക്കം അടിസ്ഥാന ജനവിഭാഗങ്ങൾ നിലവിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്​. ഇവരുടെ വോട്ടുകൾ ആർക്കാണെന്നതും പ്രധാനമാണ്​.

സ്വദേശി സ്ഥാനാർഥി എന്നതിന് വലിയ മുൻതൂക്കം എൽ.ഡി.എഫ്​ സ്വീകരണ യോഗങ്ങളിലടക്കം നൽകുന്നു. എന്നാൽ, അഞ്ചു വർഷം എം.പി എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ച തേടുന്ന അടൂർപ്രകാശി​ന്‍റെ സ്വീകാര്യത ഇത്തവണയും വോട്ടാവുമെന്ന ആത്മവിശ്വാസം യു.ഡി.എഫിന്​ നന്നായുണ്ട്​.

Tags:    
News Summary - Lok Sabha Elections 2024 constituency trend attingal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.