മയക്കുവെടിയേറ്റ് മയങ്ങിനിൽക്കുന്ന കാട്ടാന. സമീപം ദൗത്യത്തിൽ ഏർപ്പെട്ട വനപാലക സംഘവും
ഗൂഡല്ലൂർ: ഗൂഡലൂരിലെ ഒവേലിയിൽ 12 പേരെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി. പഞ്ചായത്തിലെ ചൂണ്ടി, ഡെൽഹൗസ്, ഗുയിൻഡ് ഉൾപ്പെടെയുള്ള ഭാഗത്ത് നിരവധി പേരെ ആക്രമിച്ച ആനയെയാണ് തമിഴ്നാട് വനംവകുപ്പാണ് പിടികൂടിയത്. ചൊവ്വാഴ്ച 1.30നാണ് നാല് കുങ്കിയാനകളുടെ സഹായത്തോടെ വളഞ്ഞത്.
ആദ്യ മയക്കുവെടിയേറ്റ ആന കുറച്ചുദൂരം ഓടി. രണ്ടാമത്തെ മയക്കുവെടിയിലാണ് ആന മയങ്ങിയത്. തുടർന്ന് താപ്പാനകളുടെ നിയന്ത്രണത്തിലാക്കുകയും വനംവകുപ്പ് തയാറാക്കിയ പ്രത്യേക വാഹനത്തിൽ മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ക്യാമ്പിലെ ആനക്കൊട്ടിലിൽ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ 15ന് കൊമ്പനെ പിടികാനൂടാനുള്ള ഉത്തരവ് വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ചത്. എട്ടു ദിവസമായി നൂറോളം വനപാലകർ ഓവേലി ഭാഗത്ത് ആനയെ പിടികൂടാൻ ഒരുക്കങ്ങൾ നടത്തുകയായിരുന്നു. ചൊവ്വാഴ്ച എല്ലാമല-സുഭാഷ്നഗർ ഭാഗത്ത് പാടികൾക്ക് സമീപം വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിൽ ആനയെ പിടികൂടിയത്. പ്രദേശവാസികളായ നിരവധി പേരാണ് ആനയെ തളക്കുന്നത് കാണാനെത്തിയത്.
അതേസമയം ആനയെ താപ്പാനയാക്കി മാറ്റാൻ തീരുമാനമെടുത്തിട്ടില്ലെന്നും കോളർ ഐ.ഡി പിടിപ്പിച്ച് മുതുമല വനത്തിൽ തുറന്നുവിടുമെന്നും പറയുന്നെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല. അതേസമയം, കാട്ടാന പിടിയിലായതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്. അവസാനമായി എസ്റ്റേറ്റ് സൂപ്പർവൈസർ ഷംസുദ്ദീനെയാണ് കാട്ടാന അവസാനമായി കൊലപ്പെടുത്തിയത്. ഇതോടെ ജനരോഷം ശക്തമാവുകയായിരുന്നു. തുടർന്ന് ആനയെ പിടികൂടാനുള്ള ഉത്തരവ് ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.