തൊണ്ടർനാട് എഫ്.എച്ച്.സി കെട്ടിടം മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യുന്നു
കോറോം: കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സമഗ്രവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് മന്ത്രി ഒ.ആർ. കേളു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കൊറോം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എം.എൽ.എ ആസ്തി വികസന ഫണ്ടിൽ 40 ലക്ഷം രൂപ ചിലവിലാണ് കൊറോം കുടുംബരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.
80 ചതുരശ്ര മീറ്റർ വിസ്തീർണത്തോടുകൂടി പൂർത്തീകരിച്ച കെട്ടിടത്തിൽ ഓഫിസ് റൂം, മെഡിക്കൽ ഓഫിസർ റൂം, ലാബ്, വെയ്റ്റിങ് ഏരിയ, ശുചിമുറികൾ, റാമ്പ് എന്നിവയുണ്ട്. കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ പ്രവർത്തികളും പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ പൂർത്തീകരിച്ചു.
തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ സൽമ മൊയിൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്ള കേളോത്ത്, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ ഷിന്റോ കല്ലിങ്കൽ, ഗ്രാമ പഞ്ചായത്ത് അംഗം ഹാരിസ് വാഴയിൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. എം.കെ. നസീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.