മാനന്തവാടി: നഗരസഭ പരിധിയിലെ മുട്ടങ്കരയിലും പരിസര പ്രദേശങ്ങളിലും കാട്ടാനക്കൂട്ടത്തിന്റെ സംഹാര താണ്ഡവം. വീട്ടുപകരണങ്ങളും വാഹനങ്ങളും തകർത്ത കാട്ടാനക്കൂട്ടം പശുവിനെയും ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതോടെ നഗരസഭ പരിധിയിലെ കാടൻകൊല്ലി, പടമല, മുട്ടങ്കര, ചാലിഗദ്ധ എന്നീ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.
വനമേഖലയിൽനിന്ന് കാടിറങ്ങിയ മൂന്ന് കാട്ടാനകളാണ് നാട്ടിലെത്തിയത്. ഇതിൽ രണ്ടെണ്ണം മറ്റിടങ്ങളിലേക്ക് ഓടിയെങ്കിലും കലിപൂണ്ട കൊമ്പനാന പ്രദേശത്തെ മണിക്കൂറുകളോളം ഭീതിയുടെ മുൾമുനയിൽ നിർത്തി. മൂന്നു കാട്ടാനകളും വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. വിവിധ പ്രദേശങ്ങളിൽ ഭീതിപരത്തിയശേഷം ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ കാട്ടിലേക്ക് തുരത്താനായത്.
മുട്ടങ്കര പ്രദേശത്തിറങ്ങിയ കാട്ടാന
പടമല ചാലിഗദ്ധയിൽ വ്യാപാരം നടത്തുന്ന അപ്പപ്പാറ സ്വദേശി സൈതലവിയുടെ ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട കൊമ്പനാന മുട്ടങ്കര കൊടുങ്ങാക്കുടി ശശിയുടെ സ്കൂട്ടർ തകർത്തു. ജോസ് തോമസ് എന്നയാളുടെ കാർ ഭാഗികമായി തകർത്തു. വർണം ഹോം സ്റ്റേയിലെ ഫർണിച്ചറുകൾ തകർത്തു. ചാലിഗദ്ധയിൽ പാലംങ്കര പ്രദീപന്റെ പശുവിനെ കുത്തിപ്പരിക്കേൽപ്പിച്ച ആനകൾ പടമല കുന്നിലേക്ക് നീങ്ങി. ഇവിടെ നിന്നും ഉച്ചയോടെ പാൽ വെളിച്ചത്തെത്തിയ ആനകൾ പുത്തല്ലൂർ രവീന്ദ്രൻ മാസ്റ്ററുടെ വീടിന്റെ മതിൽ തകർത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഭാഗികമായി തകർക്കുകയും പൂച്ചട്ടികളും ഊഞ്ഞാലും. ഇവിടെ നിന്ന് കുറുവ ദ്വീപ് പരിസരത്തേക്ക് നീങ്ങിയ മൂന്നംഗ ആനക്കൂട്ടത്തെ തൃശ്ശിലേരി സെക്ഷൻ ഫോറസ്റ്റർ കെ. രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വനത്തിലേക്ക് തുരത്തി. നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനപാലകർ അറിയിച്ചു. പട്ടാപകൽ നിരവധി പ്രദേശങ്ങളെ ഭീതിയിലാഴ്ത്തിയ സംഭവത്തിൽ ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ്. ഈ പ്രദേശത്ത് റെയിൽ ഫെൻസിങ് സ്ഥാപിക്കുമെന്ന് കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നതാണ്.
ചാലിഗദ്ധയിൽ കാട്ടാന കുത്തിമറിച്ചിട്ട സൈതലവിയുടെ ഓട്ടോറിക്ഷ
എന്നാൽ, വർഷങ്ങൾ പിന്നിട്ടിട്ടും പ്രഖ്യാപനം കടലാസിൽ ഒതുങ്ങുകയാണ്. വിളവെടുപ്പ് കാലമായതിനാൽ കാട്ടാനകളുടെ ശല്യം വർധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
മുട്ടങ്കര പ്രദേശത്തിറങ്ങിയ കാട്ടാനകളിലൊന്നിനെ പുഴക്ക് അപ്പുറമുള്ള വനത്തിലേക്ക് തുരത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.