മുണ്ടകൈ
കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്ത ബാധിതരുടെ ബാങ്ക് വായ്പകളിലെ മൊറട്ടോറിയം കാലാവധി ആറുമാസം കൂടി സർക്കാർ നീട്ടി. നിലവിലുള്ള മൊറട്ടോറിയം കാലാവധി 2025 ഒക്ടോബർ ഏഴിന് അവസാനിച്ചിരുന്നു. ഇതോടെയാണ് കാലാവധി നീട്ടിയത്. 2024 ജൂലൈ 30നായിരുന്നു മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ഇല്ലാതാക്കിയ ഉരുൾദുരന്തമുണ്ടായത്. ഇവിടെയുള്ളവരുടെ ദേശസാൽകൃത ബാങ്കുകളിലെ ആകെ കടബാധ്യത 35.30 കോടിയുടേതാണ്. 12 ബാങ്കുകൾ ചേർന്ന് നൽകിയ 3,220 വായ്പകളിലായാണിത്.
എല്ലാം നഷ്ടപ്പെട്ടവർക്ക് വായ്പ തിരിച്ചടവ് അസാധ്യമായിരുന്നു. ബാങ്കുകൾ ഇത് എഴുതിത്തള്ളണമെന്നും കേന്ദ്രസർക്കാർ സഹായം ലഭ്യമാക്കണമെന്നും ആവശ്യമുയർന്നിരുന്നുവെങ്കിലും ഒന്നും നടന്നില്ല. ഇതോടെയാണ് 2024 ഒക്ടോബർ എട്ടിന് സംസ്ഥാന സർക്കാർ ആദ്യമായി വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചത്. 1968ലെ കേരള റവന്യൂ റിക്കവറി നിയമത്തിന്റെ 83 ബി പ്രകാരമായിരുന്നു ഇത്. നിശ്ചിതകാലത്തേക്ക് വായ്പയിലുള്ള തുടർ നടപടികളെല്ലാം ബാങ്കുകൾ നിർത്തിവെക്കുന്നതാണ് മോറട്ടോറിയം. ഒരു വർഷത്തേക്കുള്ള കാലാവധി 2025 ഒക്ടോബർ ഏഴിന് അവസാനിച്ചതോടെയാണ് ആറുമാസത്തേക്ക് കൂടി മൊറട്ടോറിയം ദീർഘിപ്പിച്ച് റവന്യു വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് 2025 ഒക്ടോബർ എട്ടുമുതൽ പ്രാബല്യത്തിൽവരും. പുനരധിവാസ പ്രവർത്തനങ്ങളടക്കം ഇപ്പോഴും പുരോഗമിക്കുന്നത് കണക്കിലെടുത്താണ് നടപടി.
ഉരുൾദുരന്ത ബാധിതരുടെ ആകെ ബാങ്ക് വായ്പ 35.30 കോടിയുടേതാണെങ്കിലും ഇതിനകം സംസ്ഥാന സർക്കാർ ഏറ്റെടുത്തത് 18.75 കോടിയുടേത് മാത്രമാണ്. ദുരന്തത്തിൽ എല്ലാം തകർന്നിട്ടും സർക്കാർ കണക്കിൽപെടാത്തവരുടെ 16.55 കോടിയുടെ കടം ബാക്കിനിൽക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.