കാടുകയറിയ ബാണാസുര സാഗറിലെ കെട്ടിടങ്ങൾ
വെള്ളമുണ്ട: ജില്ലയിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചതിന്റെ നേട്ടം സ്വകാര്യ റിസോർട്ടുകൾ കൊയ്യുമ്പോൾ ബാണാസുര സാഗറിലെ കെട്ടിടങ്ങൾ ആർക്കും ഉപകാരമില്ലാതെ നശിക്കുന്നു. ഡാമിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണ് ആർക്കും ഉപകാരമില്ലാതെ നശിക്കുന്നത്. ബാണാസുര സാഗർ ഡാമിനകത്ത് വിവിധ കാലങ്ങളിലായി നിർമിച്ച കെട്ടിടങ്ങൾ പൂർണമായും ഉപയോഗപ്പെടുത്തണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. സമീപത്തെ വലുതും ചെറുതുമായ നൂറുകണക്കിന് സ്വകാര്യ റിസോർട്ട് ഉടമകൾ ടൂറിസം രംഗത്തെ സാധ്യതകൾ ഉപകാരപ്പെടുത്തി നേട്ടം കൊയ്യുമ്പോഴാണ് എല്ലാ സൗകര്യങ്ങളോടുംകൂടി നിർമിച്ച സർക്കാർ കെട്ടിടങ്ങൾ കാടുകയറി നശിക്കുന്നത്.
ഡാമിനകത്തും പുറത്തുമായി നിരവധി കെട്ടിടങ്ങൾ കാലങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. പ്രവേശന കവാടത്തിനരികിൽ കല്ലുകൊണ്ട് നിർമിച്ച കെട്ടിടങ്ങളിൽ ഒന്നോ രണ്ടോ കെട്ടിടങ്ങൾ മാത്രമാണ് പേരിനെങ്കിലും ഉപയോഗിക്കുന്നത്. അവധി ദിവസങ്ങളിൽ പലപ്പോഴും 25,000ത്തിലധികം വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ താമസ, വിശ്രമകേന്ദ്രങ്ങൾ തേടി സഞ്ചാരികൾ അലയുകയാണ്.
അധികൃതരുടെ അനാസ്ഥ കാരണമാണ് സർക്കാർ കെട്ടിടങ്ങൾ അനാഥമായിക്കിടക്കുന്നത്. ഡാമിനകത്തെ ഐ.ബി കെട്ടിടമടക്കം നിലവിൽ സഞ്ചാരികൾക്ക് പൂർണമായി നൽകുന്നില്ല. കെട്ടിടങ്ങൾ ഒഴിച്ചിടുന്നതിലൂടെ കോടികളുടെ വരുമാനമാണ് നഷ്ടമാവുന്നത്. നിസ്സാര കാരണങ്ങൾ നിരത്തിയാണ് കെട്ടിടങ്ങൾ കാലങ്ങളായി ഒഴിച്ചിടുന്നത്. വ്യാപക പ്രതിഷേധമുയർന്നതിനെ തുടർന്ന് അധികൃതർ ഇടപെട്ട് കെട്ടിടങ്ങൾ ഉപയോഗപ്പെടുത്താനുള്ള നടപടികൾ മുമ്പ് സ്വീകരിച്ചിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.