പൈനാപ്പിൾ ഇലകൾ യന്ത്രം ഉപയോഗിച്ച് ചെറു കഷണങ്ങളാക്കുന്നു
പുൽപള്ളി: പൈനാപ്പിൾ ഇലകൾ കാലിത്തീറ്റയാക്കി ക്ഷീര കർഷകർ. പൈനാപ്പിൾ ഇലകൾ നുറുക്കി പുല്ലിനും വൈക്കോലിനുമൊപ്പം ചേർത്ത് കന്നുകാലികൾക്ക് നൽകുന്നത് വ്യാപകമാവുകയാണ്. കാലിത്തീറ്റ വില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് തീറ്റ ചെലവ് കുറക്കാൻ കർഷകർ പുതു വഴികൾ തേടുന്നത്. പുൽപള്ളി മേഖലയിൽ നിരവധി കർഷകർ പൈനാപ്പിൾ ഇല കോഴിക്കോട് ഭാഗത്തുനിന്ന് കൊണ്ടുവരുന്നുണ്ട്. പൈനാപ്പിൾ ഇല നൽകുന്ന കാലികളിൽ പാൽ ഉത്പാദനം ക്രമേണ കൂടുന്നതായി കർഷകർ പറയുന്നു.
ഇലകൾക്ക് ചെറിയ മധുരമുള്ളതിനാൽ കാലികൾക്ക് ഏറെ പ്രിയമുള്ളതാണ്. പുൽപള്ളിയിലെ തുണ്ടത്തിൽ ബേബി അടക്കമുള്ള കർഷകർ കഴിഞ്ഞ ഒരു മാസത്തിലേറെയായി പൈനാപ്പിൾ തണ്ട് കൊണ്ടുവന്നാണ് പശുക്കൾക്ക് നൽകുന്നത്. പൈനാപ്പിൾ ഇല യന്ത്രം ഉപയോഗിച്ച് ചെറു കഷണങ്ങളാക്കി മുറിച്ചാണ് മറ്റു കാലിത്തീറ്റകൾക്കൊപ്പം കന്നുകാലികൾക്ക് നൽകുന്നത്. മറ്റു ജില്ലകളിൽ ഈ രീതി അനുവർത്തിക്കുന്ന കർഷകർ ഒട്ടേറെയുണ്ട്. എന്നാൽ, വയനാട്ടിൽ ഇത് ആദ്യമായാണ് പൈനാപ്പിൾ ഇല കാലികൾക്ക് തീറ്റയായി നൽകുന്നത്.
സാധാരണ കർഷകർക്ക് ഈ ഇലകൾ യന്ത്രമില്ലെങ്കിൽ മുറിച്ച് നൽകാൻ കഴിയില്ല. ഒരു കിലോക്ക് 3.50 മുതൽ നാലു രൂപ വരെയാണ് വില. കാലിത്തീറ്റ അടക്കമുള്ള വസ്തുക്കൾക്ക് വില കുത്തനെ ഉയരുകയാണ്. പാലിന്റെ വിലയാകട്ടെ ഇതിനനുസരിച്ച് ഉയരുന്നുമില്ല. ഈ സാഹചര്യത്തിലാണ് കർഷകരിൽ പലരും കുറഞ്ഞ വിലയുള്ള തീറ്റ വസ്തുക്കൾ തന്നുകാലികൾക്ക് നൽകാൻ നിർബന്ധിതരായിരിക്കുന്നത്. വേനൽ ശക്തമായതോടെ പച്ചപ്പുല്ല്, ചോളത്തണ്ട് തുടങ്ങിയവയുടെ ലഭ്യതയും കുറഞ്ഞു. വിലയും ഗണ്യമായി ഉയർന്നു. ഇതോടെ ക്ഷീര കർഷകർ നിലനിൽപ്പിനായി പാടുപെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.