പൊഴുതനയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത്
തരിയോട്: ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തിന്റെ വിളയാട്ടം. തരിയോട് പഞ്ചായത്തിലെ കാവും മന്ദത്തും പൊഴുതന പഞ്ചായത്തിലെ മേൽമുറി ഭാഗങ്ങളിലുമാണ് പോത്ത് മണിക്കൂറുകളോളം ഭീതി പരത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടു കൂടിയാണ് കാട്ടുപോത്ത് ടൗണിലിറങ്ങിയത്. ജനവാസ മേഖലയിൽ മേയുകയായിരുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടുകാർ പകർത്തി പഞ്ചായത്ത് അധികൃതരെയും വനംവകുപ്പിനെയും അറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊട്ടടുത്ത വനമേഖലയായ പാറത്തോട് ഫോറസ്റ്റ് ഡിവിഷനിലേക്ക് കാട്ടുപോത്തിനെ തുരത്താൻ ശ്രമിച്ചു. എന്നാൽ പോത്ത് മേൽമുറി വഴി പൊഴുതനയിലേക്ക് കടക്കുകയായിരുന്നു.
വനംവകുപ്പ് ജീവനക്കാർ ഏറെ പണിപ്പെട്ട് പോത്തിനെ വനത്തിലേക്ക് തുരത്തി. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പും ടൗണിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അന്നു രണ്ടു കാട്ടുപോത്തുകളെ ഒരുമിച്ചായിരുന്നു കണ്ടിരുന്നത്. ഇപ്പോൾ ഒരെണ്ണമാണ് ഭീതി വിതക്കുന്നത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽപെട്ട സുഗന്ധഗിരി മേഖലയിൽ വൈദ്യുതി പ്രതിരോധവേലി കാര്യക്ഷമമല്ലാതയത്തോടെയാണ് വന്യജീവികൾ നാടിറങ്ങുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.