ഹർത്താലിനെ തുടർന്ന് വിജനമായ മാനന്തവാടി നഗരം
മാനന്തവാടി: നരഭോജി കടുവ യുവതിയെ ആക്രമിച്ച് കൊന്ന സംഭവത്തിൽ വനം വകുപ്പ് കടുവയെ പിടികൂടാത്തതിലും അർഹമായ നഷ്ട പരിഹാരം നൽകാത്തതിലും പ്രതിഷേധിച്ച് മാനന്തവാടി നഗരസഭ പരിധിയിൽ യു.ഡി.എഫും എസ്.ഡി.പി.ഐയും ശനിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. മാനന്തവാടി നഗരത്തിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.
കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ദീർഘദൂര സർവീസുകൾ നടത്തി. സർക്കാർ ഓഫിസുകൾ സമരാനുകൂലികൾ അടപ്പിച്ചു. മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സപ്ലൈ ഓഫിസ് അടപ്പിക്കാനുള്ള ശ്രമത്തിനിടെ സമരക്കാർ ജീവനക്കാരനെ കൈയേറ്റം ചെയ്തതായി ആരോപണമുയർന്നിട്ടുണ്ട്. പൊലീസ് സംഘർഷ സാധ്യത മുന്നിൽക്കണ്ട് വലിയ സുരക്ഷയാണ് ഒരുക്കിയത്.
ജനങ്ങൾ ജാഗ്രത പാലിക്കണം; അടിയന്തരഘട്ടങ്ങളിൽ പൊലീസിനെ വിളിക്കാമെന്ന് ജില്ല പൊലീസ് മേധാവി
മാനന്തവാടി: കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തരഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പൊലീസിനെ വിളിക്കണമെന്നും ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് അറിയിച്ചു.
കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തു കൂടുന്നത് കൂടുതൽ അപകടകരമാണ്.
കടുവക്കായി തിരച്ചിൽ നടത്തുന്ന വനപാലക സംഘം
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങുന്നത് അപകടമുണ്ടാക്കുമെന്നും വയനാട് ജില്ല പൊലീസ് മേധാവി അറിയിച്ചു.
അടിയന്തരഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ; ടോൾ ഫ്രീ നമ്പർ: 112, തലപ്പുഴ പോലീസ് സ്റ്റേഷൻ :049-352-56262, ഇൻസ്പെക്ടർ എസ്.എച്ച്. ഒ: 9497947334, മാനന്തവാടി പൊലീസ് സ്റ്റേഷൻ: 04935 240 232, ഇൻസ്പെക്ടർ എസ്.എച്ച്.ഒ: 9497987199
ദൗത്യം മൂന്നാം ദിനത്തിലേക്ക് കടുവയുടെ ചിത്രം കാമറയിൽ ഹർത്താലിനെ തുടർന്ന് വിജനമായ മാനന്തവാടി നഗരം
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ കൂട്ടിലാക്കാനുള്ള വനംവകുപ്പിന്റെ ദൗത്യം മൂന്നാം ദിനത്തിലേക്ക്. പ്രദേശത്ത് 29 കാമറകൾ സ്ഥാപിക്കുകയും ഒരു കൂട് സ്ഥാപിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ കാമറകൾ പരിശോധിച്ചതിനെ തുടർന്ന് ഒരു കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. എന്നാൽ ചിത്രം പുറത്ത് വിടാൻ വനം വകുപ്പ് തയാറായിട്ടില്ല. ഫോട്ടോ പരിശോധിച്ച് ഏത് ഡാറ്റാ ബാങ്കിൽപ്പെട്ട കടുവയാണെന്ന് സ്ഥിരീകരിക്കാനും വനംവകുപ്പിന് ആയിട്ടില്ല. മയക്കുവെടി വെക്കാനായി ഡോ. അജീഷ് മോഹൻ ദാസ്, ഡോ. ഇല്യാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച തിരച്ചിലിന് 85 വനപാലകരെയാണ് നിയോഗിച്ചത്. ഒൻപത് കാമറകൾ കൂടി സ്ഥാപിച്ചു ഇതോടെ കാമറകളുടെ എണ്ണം 38 ആയി. കൂടാതെ അഞ്ചാമതൊരു ലൈവ് കാമറ കൂടി സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത്തെ കൂട് കൂടി പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.