കൽപറ്റ: മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഒരു കടുംബത്തിന്ന് 50 ലക്ഷം രൂപക്ക് മുകളിലുള്ള തുക സമാശ്വാസധനം നൽകണമെന്നും പുനരധിവാസ മിഷൻ രൂപീവത്കരികണമെന്നും ഇരകൾക്ക് നീതിലഭിക്കാൻ ട്രിബൂണൽ വേണമെന്നും കൽപറ്റയിൽ ചേർന്ന രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ യോഗം സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. പുനരധിവാസം ഔദ്യാര്യമോ സൗമനസ്സ്യമോ സൗജന്യമോ അല്ല, ഇരകളുടെ അവകാശമാണെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതിയും ഹ്യൂം സെൻറർ ഫോർ ഇക്കോളജിയും ചേർന്ന് സംഘടിപ്പിച്ചതായിരുന്നു യോഗം.
സർക്കാറിന്‍റെ പരിഗണനയിലുള്ള ടൗൺഷിപ്പ് പദ്ധതി ബാധിതരായ ഗുണഭോക്താക്കളുടെ അഭിപ്രായം കേട്ട് സന്നദ്ധമായവർക്കു മാത്രമായി പരിമിതപ്പെടുത്തുകയും മറ്റുള്ളവരെ ഇഷ്ടാനുസാരം വീടു വെക്കാനും കൃഷിയിടങ്ങളും തൊഴിലും കണ്ടെത്താനുമുള്ള അവസരം നൽകുകയും വേണം. ഇതിനായി ഐ.എ.എസ് തലത്തിലുളള ഒരു നോഡൽ ഓഫീസറെ നിയമിക്കണം. കുടുംബത്തിൽ ഒരാൾ മാത്രം ശേഷിക്കുന്നവർക്കായി സ്പെഷ്യൽ പാക്കേജ് ഉണ്ടാക്കണം. ലോണുകൾക്ക് മൊറോട്ടേിയമല്ല എഴുതിതളളുകയാണ് വേണ്ടത്. സാധാരണ എഴുതിതള്ളുന്നതിനുള്ള നടപടിക്രമങ്ങൾ ഈ കാര്യത്തിൽ വേണ്ടതില്ല. അസാധാരണമായ സംഭവങ്ങൾക്ക് അസാധാരണ നടപടികൾ ഉണ്ടാക്കണം. 5 വർഷത്തേക്ക് ബേങ്ക് വായ്പയുടെ പലിശ സർക്കാർ നൽകണം.
സമീപകാലത്തായി വയനാട്ടിൽ അപ്രതീക്ഷിത ദുരന്തങ്ങൾ ഏറി വരികയാണ്. മണ്ണിടിച്ചിൽ സാധ്യതയുള്ളതും പ്രളയ സാധ്യതയുള്ളതുമായ പഞ്ചായത്തുകളിൽ മാറ്റി പാർപ്പിക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള റിലീഫ് ഷെൽട്ടറുകൾ പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നിർമ്മിക്കണം. മലഞ്ചരുവുകളിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ താമസിക്കുന്ന 4000ൽപരം കുടുംബങ്ങളെ യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റിപ്പാർപ്പിക്കണം.
തുരങ്കപാത വയനാടിന്‍റെ വികസനത്തിന്ന് യാതൊരു ഗുണവും ചെയ്യാത്തതും പരിസ്ഥിതി ദുരന്തത്തിന് ഇടവരുത്തുന്നതുമാണെന്നതിനാൽ ഉപേക്ഷിക്കണമെന്നും, മലഞ്ചെരിവിലും മറ്റ് പരിസ്ഥിതി ദുർബല പ്രദേശങ്ങളിലുമുള്ള ടൂറിസം റിസോർട്ടുകൾ നിരോധിക്കണമെന്നും മറ്റു നിർമ്മിതികൾ നിയന്ത്രിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. വയനാടിന് മാത്രമായി ഒരു ഭൂവിനിയോഗ നിയന്ത്രണ നിയമം സർക്കാർ പാസാക്കണം. വയനാട്ടിൽ ഇന്ന് നടക്കുന്നത് അനിയന്ത്രിതമായ ടൂറിസമാണ്. ബഹുഭൂരിഭാഗവും അനധികൃതവുമാണ്. ക്യാരിങ് കപ്പാസിറ്റി അടക്കമുള്ളത് പരിശോധിക്കാൻ വിദഗ്ദസമിതി രൂപീകരിക്കുകയാണ് വേണ്ടത്.
വയനാട്ടിൽ കൃഷിയെയാണ് നിലനിർത്തേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. കൃഷി വികസനത്തിന് ഊന്നൽ നൽകണം. വേനൽക്കാലത്ത് ജലക്ഷാമം നേരിടുന്ന ജില്ലയിൽ നെൽകൃഷി നിലനിർത്തുന്നതിനും പ്രോത്സാപ്പിക്കുന്നതിനുമുള്ള നയംമാറ്റം ഉണ്ടാവേണ്ടതാണ്. നീർച്ചാലുകളും അരുവികളും തോടുകളും വീണ്ടെടുക്കാൻ സർക്കാർ മടിച്ചു നിൽക്കരുത്.
സംഷാദ് മരക്കാർ, വി.എ. വിനയൻ, ജോണി പാറ്റാനി, അഡ്വ. റഷീദ്, സൂപ്പി പള്ളിയാൽ, കെ.പി. മധു, സുനീഷ്, പ്രഫ. ബാലഗോപാൽ, സാം പി. മാത്യു, കെ.വി. പ്രകാശൻ, അജി കൊളേണിയ, ജോസ് കാട്ടിക്കുളം, ഇ.ജെ. ജോസ്, രാജൻ പൂതാടി, രാജേഷ് കൃഷ്ണൻ, അഡ്വ. ഗോപിനാഥ്, അഡ്വ. ഖാലിദ് രാജ, ഡോ. രതീഷ്, സുലോചന രാമകൃഷ്ണൻ, സി.കെ. വിഷണു ദാസ്, എൻ. ബാദുഷ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി, സതീഷ് നേതി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.