ആശങ്കയിൽ ജില്ലയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ; കേന്ദ്രത്തിന് പരാതികൾ നൽകാൻ 23 ദിനങ്ങൾ മാത്രം ബാക്കി
കൽപറ്റ: വയനാട്ടിലടക്കമുള്ള പരിസ്ഥിതിലോല മേഖലകൾ നിശ്ചയിച്ച കേന്ദ്രസർക്കാറിന്റെ കരടുവിജ്ഞാപനം സംബന്ധിച്ച ആശങ്കയേറുന്നു. വയനാട്ടിലെ 13 വില്ലേജുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത്. ജനവാസമേഖലകളടക്കമുള്ളവയാണ് ഇവ. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിന് വെബ്സൈറ്റ് വഴി പരാതിനൽകാനുള്ള അവസാന തീയതി സെപ്റ്റംബർ 24 ആണ്. ഇതോടെ വയനാട്ടിൽ ആശങ്കയേറുകയാണ്. ജൂലൈ 27നാണ് കേന്ദ്രസർക്കാർ കരടുവിജ്ഞാപനമിറക്കിയത്.
പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ കേരളത്തിലെ 131 വില്ലേജുകളാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വയനാട്ടിലെ 13 വില്ലേജുകളും ഉള്‍പ്പെടും. ആറു സംസ്ഥാനങ്ങളിലായി 56,825.7 ചതുരശ്ര കി.മീറ്ററാണ് പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുക.
ഇതിനുമുന്നോടിയായാണ് ആറാം തവണയും കരടുവിജ്ഞാപനം പുറത്തിറക്കിയത്. പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുന്ന ആറു സംസ്ഥാനങ്ങളിലെ സ്ഥലങ്ങളിലും ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവക്ക് സമ്പൂര്‍ണ നിരോധനമുണ്ടാകും. ഒരുപ്രദേശം പരിസ്ഥിതി ലോല മേഖലയായൽ ജനജീവിതത്തെയടക്കം ബാധിക്കുന്ന പല നിയന്ത്രണങ്ങൾ വരും. ക്വാറികൾക്കു നിരോധനം വരും. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണങ്ങൾക്കും ഒഴികെ വലിയ തോതിലുള്ള നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകില്ല. റോഡ് നിർമാണത്തിനും ചെറുകിട വ്യവസായങ്ങൾക്കും ഏറെ കടമ്പകളുണ്ടാകും. കൃഷിരീതികളിലും വൻമാറ്റങ്ങൾ വരും.
ടൗൺഷിപ്പുകളും പുതിയ താപ വൈദ്യുതി പദ്ധതികളും അനുവദിക്കില്ല. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്നതിനാൽ സംസ്ഥാന സർക്കാർ ഇടപെട്ട് കേന്ദ്രനടപടികൾ തടയണമെന്ന ആവശ്യം ജില്ലയിൽ ശക്തമായിട്ടുണ്ട്. ജില്ലയിൽ മന്ത്രിതല യോഗം ചേരണമെന്നും എം.എൽ.എമാർ, കലക്ടർ, പഞ്ചായത്ത് പ്രസിഡന്റുമാരുൾപ്പെടെയുള്ള മറ്റു ജനപ്രതിനിധികൾ എന്നിവരെ പങ്കെടുപ്പിച്ച് പരിഹാരപദ്ധതികൾ രൂപവത്കരിക്കണമെന്നുമാണ് മലയോര ജനതയുടെയടക്കം ആവശ്യം.
പരിസ്ഥിതിലോല വിജ്ഞാപനം: സംസ്ഥാന സർക്കാർ ഇടപെടണം -സി.പി.എം
കൽപറ്റ: ജില്ലയിലെ 13 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശമായി (ഇ.എസ്.എ) കരട് വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി തിരുത്തിക്കാൻ സംസ്ഥാന സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്ന് സി.പി.എം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലൈ 27ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനത്തിന്റെ 60 ദിവസത്തെ കാലാവധി പൂർത്തിയാക്കാൻ ഇനി മൂന്നാഴ്ചയാണുള്ളത്.
കേന്ദ്ര വിജ്ഞാപന പ്രകാരം ജില്ലയിലെ പേര്യ, തിരുനെല്ലി, തൊണ്ടർനാട്, തൃശ്ശിലേരി, കിടങ്ങനാട്, നൂൽപുഴ, അച്ചൂരാനം, ചുണ്ടേൽ, കോട്ടപ്പടി, കുന്നത്തിടവക, പൊഴുതന, തരിയോട്, വെള്ളാർമല വില്ലേജുകൾ പൂർണമായും പരിസ്ഥിതിലോല പ്രദേശമാണ്. കാർഷിക മേഖലയും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളുമാണ് ഈ വില്ലേജുകൾ. ഗോത്രവിഭാഗങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാകും.
ഉന്നതികളിലെ അടിസ്ഥാനസൗകര്യ വികസനമടക്കം നിലക്കും. ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ എന്നിവയിലെല്ലാം നിയന്ത്രണങ്ങളുണ്ടാകും. ജനജീവിതം തകർക്കുന്ന നടപടിക്കെതിരെ ജില്ലയിലെ മന്ത്രി ടി. സിദ്ദീഖും എം.എൽ.എമാരും ഒരക്ഷരം പറഞ്ഞിട്ടില്ല. സംസ്ഥാന സർക്കാറും യു.ഡി.എഫ് നേതൃത്വവും മൗനത്തിലാണെന്നും കമ്മിറ്റി ആരോപിച്ചു.
ജില്ലയിലെ മുഴുവൻ വില്ലേജുകളെയും പരിസ്ഥിതിലോല പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര വിദഗ്ധ സമിതിയോട് നേരത്തേ, എൽ.ഡി.എഫ് സർക്കാർ ആവശ്യപ്പെടുകയും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകുകയും ചെയ്തതാണ്. ജനവാസ കേന്ദ്രങ്ങൾ, കൃഷിഭൂമി, തോട്ടങ്ങൾ തുടങ്ങിയവ സംരക്ഷിച്ച് വനമേഖലകളെ മാത്രം ഇ.എസ്.എ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നായിരുന്നു എൽ.ഡി.എഫ് നിലപാട്.
കാര്യക്ഷമമായ ഇടപെടലായിരുന്നു അന്ന് സംസ്ഥാന സർക്കാറിന്റേത്. ഇപ്പോൾ കേന്ദ്രം വീണ്ടും വിജ്ഞാപനം ഇറക്കിയപ്പോൾ യു.ഡി.എഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കജനകമാണ്. എൽ.ഡി.എഫ് സർക്കാർ വിഷയത്തിൽ കാര്യക്ഷമമായി ഇടപെട്ടിട്ടും, ഹർത്താൽവരെ നടത്തി പ്രതിഷേധിച്ച യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ നിലപാട് മാറിയോയെന്ന് വ്യക്തമാക്കണം. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ബഹുജന പ്രക്ഷോഭങ്ങൾക്ക് സി.പി.എം നേതൃത്വം നൽകുമെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.