കുറുവ ദ്വീപിൽ ചങ്ങാട സവാരി നടത്തുന്ന സഞ്ചാരികൾ
പുൽപള്ളി: രണ്ടുമാസത്തെ അവധിക്കാലത്തിന്റെ അവസാന നാളുകളിൽ കുറുവാ ദ്വീപിലേക്ക് സന്ദർശക പ്രവാഹം. പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രത്തിന്റെ സൗന്ദര്യം നുകരാനായി എത്തുന്നവരിൽ ഏറെയും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ. അവധിക്കാലം ആരംഭിച്ചതു മുതൽ വയനാട്ടിലെ കുറുവയടക്കമുളള വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. കേരളത്തിനു പുറമേ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് സന്ദർശകർ പ്രവഹിക്കുന്നു. കുറുവാ ദ്വീപിൽ ഓൺലൈനിൽ തന്നെ ടിക്കറ്റ് തീരുന്നു. ദൂരെ സ്ഥലങ്ങളിൽ നിന്ന് ഏറെ പ്രതീക്ഷയോടെയെത്തുന്ന പലരും നിരാശരായി മടങ്ങുന്നതും പതിവാണ്.
വനംവകുപ്പിന്റെയും ഡി.ടി.പി.സിയുടെയും കൗണ്ടറുകളിലൂടെയാണ് സന്ദർശകരെത്തുന്നത്. കുറുവാ ദ്വീപിലെ ചങ്ങാട യാത്രയും പച്ചപ്പ് നിറഞ്ഞ വനകാഴ്ചകളും എല്ലാം സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഘടകങ്ങളാണ്. ദ്വീപിനുള്ളിൽ ഇരിക്കാനുള്ള ബെഞ്ചുകൾ, പാലങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചിട്ടുണ്ട്.
നീന്തൽ അഭ്യസിച്ച ജീവനക്കാരെ സഞ്ചാരികളുടെ സുരക്ഷക്ക് 100 മീറ്റർ അകലത്തിൽ വിന്യസിച്ചിട്ടുമുണ്ട്. പുൽപള്ളി-പാക്കം റോഡ് നവീകരിച്ചതോടെ യാത്രയും സുഗമമായി. കൂടുതൽ പേർക്ക് ദ്വീപിൽ കടക്കാനുള്ള സൗകര്യം വേണമെന്നതാണ് സഞ്ചാരികളുടെ ആവശ്യം. പാക്കം-കുറുവ വനസംരക്ഷണ സമിതി അംഗങ്ങളായ 40 പേരാണ് കുറുവയിലെ കാര്യങ്ങൾ നോക്കി നടത്തുന്നത്.
പുൽപള്ളി: കുറുവാ ദ്വീപ് കാണാൻ എത്തുന്നവർക്ക് ഇനി അമ്പെയ്ത്തും പഠിക്കാം. പുൽപള്ളി പാക്കം വഴി എത്തുന്നവർക്കാണ് അമ്പെയ്ത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പഴശ്ശിയുടെ പിൻമുറക്കാരാണ് അമ്പെയ്ത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടുത്തെ കർഷകർ തന്നെയാണ് ഇവർ. പഴയകാലത്ത് വനത്തിൽ വേട്ടയാടാൻ ഉള്ള സൗകര്യം ഇവർക്ക് നൽകിയിരുന്നു. വനനിയമങ്ങൾ കർശനമാക്കിയതോടെ ഇതിനുള്ള അവസരം അവർക്ക് ഇല്ലാതായി. മിക്ക കുറുമ വീടുകളിലും പഴയകാലത്തെ അമ്പും വില്ലുമെല്ലാം സൂക്ഷിച്ചുവെച്ചിട്ടുമുണ്ട്.
കുറുവാ ദ്വീപ് കാണാനെത്തുന്ന മറുനാടുകളിൽ നിന്നുള്ളവർക്ക് ഈ അമ്പും വില്ലും എല്ലാം ഒരു വേറിട്ട കാഴ്ചയാണ്. ഇവർക്ക് ഇത് മനസ്സിലാക്കി കൊടുക്കുകയാണ് ഇവിടെയുള്ളവർ. അഞ്ചുതവണ അമ്പ് തൊടുക്കാൻ 30 രൂപയാണ് ഫീസ് ഈടാക്കുന്നത്. കൃത്യമായി ഉന്നത്തിൽ പതിഞ്ഞാൽ ചെറിയൊരു സമ്മാനവും നൽകാറുണ്ട്. സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള അമ്പും വില്ലുമെല്ലാം പരിചയപ്പെടാനുള്ള അവസരം കൂടിയാണ് സന്ദർശകർക്ക് ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത് എന്ന് ഇവിടെയുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.