സ്ഥലം വിൽക്കാനാകുന്നില്ല, ബാങ്ക് ബാധ്യത; ഉരുളിൽ കുരുങ്ങിയ പൊഴുതന മേല്‍മുറിക്കാർ കടക്കെണിയില്‍
കല്പറ്റ: 2018, 19 വർഷങ്ങളിൽ മഴക്കാലത്ത് പൊഴുതന വലിയപാറ മേല്‍മുറിയിലുണ്ടായ ഉരുൾ പൊട്ടലിലെ ഇരകൾ കടക്കെണിയിൽ. നികുതിയടക്കം അടച്ചുവരുന്ന സ്വന്തം ഭൂമിയും വീടുകളും വിറ്റ് ബാധ്യത തീർക്കാമെന്ന് കരുതിയാൽ അതും കഴിയില്ല. ഈ പ്രദേശം സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയതിനാൽ ക്രയവിക്രയവും നടക്കുന്നില്ല. ഇതോടെ ബാങ്ക് വായ്പയടക്കം തിരിച്ചടക്കാനാകാതെ നട്ടംതിരിയുകയാണ് ഇവിടെയുള്ള 30ഓളം കുടുംബങ്ങൾ. പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പാണ് ഇവർ കാര്‍ഷികാവശ്യത്തിനടക്കം ബാങ്കുകളില്‍നിന്ന് വായ്പയെടുത്തത്. എന്നാൽ, പലിശസഹിതം ബാധ്യത നിലവിൽ പലമടങ്ങായിട്ടുണ്ട്. മെച്ചപ്പെട്ട വരുമാനത്തിന്റെ അഭാവത്തില്‍ ഒരു കുടുംബത്തിനും വായ്പ കുടിശ്ശിക തീര്‍ക്കാന്‍ കഴിയുന്നില്ല.
വായ്പയുടെ പലിശയടക്കം കൂടിവരുന്നതേിനാൽ കുടുംബങ്ങൾ വൻപ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ മുഴുവന്‍ കുടുംബങ്ങളുടെയും കടം ഏറ്റെടുക്കുകയോ ഭൂമി റെഡ് സോണില്‍നിന്നു ഒഴിവാക്കി ക്രയവിക്രയാവകാശം പുനഃസ്ഥാപിക്കുകയോ ചെയ്യണമെന്ന് മേല്‍മുറി ജനകീയ സമിതി പ്രതിനിധികളായ വാര്‍ഡ് അംഗം ജുമൈലത്ത് ഷമീര്‍, പി. ഹംസ, ടി. മൊയ്തു, പി.പി. നബീസ, സി.എസ്. യൂസഫ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലുകള്‍ കെടുതികള്ക്കിടയാക്കിയ ഈ പ്രദേശം നിലവിൽ റെഡ് സോണില്‍ ആണ്. ഇതോടെ സ്ഥലത്തിന്റേതടക്കം ക്രയവിക്രയാവകാശം കുടുംബങ്ങള്‍ക്കു നഷ്ടമായി. ഭൂമി വിറ്റ് കടം വീട്ടാനുള്ള വഴിയും ഇതോടെ അടഞ്ഞു.
പൊഴുതന പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് മേല്‍മുറി. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ പ്രദേശത്തെ നിരവധി വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നശിച്ചു. നൂറോളം കുടുംബങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. വിദഗ്ധ പരിശോധനക്കുശേഷം റെഡ് സോണില്‍ ഉള്‍പ്പെടുത്തി പ്രദേശത്തെ കുടുങ്ങള്ക്ക് സ്ഥലം വാങ്ങുന്നതിന് ആറും വീട് വെക്കുന്നതിന് നാലും ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് നിര്‍മിച്ച വീടും ഏക്കര്‍ കണക്കിന് സ്ഥലവും ഉള്ളവരില്‍ ചിലര്‍ ഒഴികെയുള്ളവര്‍ ഈ തുക കൈപ്പറ്റി മേല്മുറിയില്നിന്നു താമസം മാറ്റി. ഇവര്‍ ഇവിടെയുള്ള ഭൂമിയില്‍ പണികള്‍ക്കും വിളവെടുപ്പിനുമാണ് വല്ലപ്പോഴും എത്തുന്നത്. റെഡ് സോണില്‍ ഉള്‍പ്പെടുത്തിയ പ്രദേശങ്ങളില്‍ വന്യജീവികളുടെ ശല്യംമൂലം കൃഷി നടത്താന്‍ കഴിയാത്ത സ്ഥിതിയും നിലനില്‍ക്കുകയാണ്.
ആവര്‍ത്തിച്ചുള്ള പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കേണ്ടിവരില്ലെന്ന പ്രതീക്ഷയിലായിരുന്നു മേല്‍മുറിയിലെ കുടുംബങ്ങള്‍. എന്നാൽ, അത് അസ്ഥാനത്തായി. രണ്ടു ലക്ഷം മുതല്‍ 10 ലക്ഷം വരെ രൂപയാണ് മേല്‍മുറിയിലെ കുടുംബങ്ങളുടെ കടം. ഈ തുക ഏറ്റെടുക്കുന്നത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയ ഭാരമാകില്ലെന്ന് ജനകീയ സമിതി പ്രതിനിധികള്‍ പറയുന്നത്. നിലവിൽ വായ്പ പലിശയും പിഴപ്പലിശയും അടക്കം തിരിച്ചടയ്ക്കുന്നതിന് പല കുടുംബങ്ങള്‍ക്കും ബാങ്കുകളില്‍നിന്നു നോട്ടീസ് എത്തുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ കേസാക്കിയതിനെത്തുര്ന്ന് കോടതി മുഖേന നോട്ടീസ് ലഭിച്ചവരും പ്രദേശത്തുണ്ട്. വായ്പ ബാധ്യത ഒഴിവാക്കാൻ ഇടപെടലിന് ജില്ല കലക്ടറുടെ ഓഫിസിൽഅടക്കം ജനകീയ സമിതി നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലം ചെയ്തില്ല. ഏറ്റവും ഒടുവില്‍ നിയോജകമണ്ഡലം എം.എല്‍.എയും കൃഷി മന്ത്രിയുമായ ടി. സിദ്ദീഖിന് നിവേദനം നല്കി. വിഷയത്തില്‍ ഇടപെടാമെന്നാണ് മന്ത്രി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.