ചുരത്തിൽ കുരുക്കോട് കുരുക്ക്

വൈത്തിരി: അവധിക്കാലം തുടങ്ങിയതോടെ വയനാട്-താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വലിയ തിരക്കാണ് ചുരത്തിൽ അനുഭവപ്പെട്ടത്. ഓണാവധി ആയതോടെ നിരവധി വാഹനങ്ങളാണ് വയനാട്ടിലേക്കും കർണാടകയിലേക്കുമായി ചുരം കയറുന്നത്. തിരക്ക് വർധിച്ചതോടെ അപകടവും ഉണ്ടാവുന്നു. വൺവേ തെറ്റിച്ച് ചില വാഹനങ്ങൾ അമിതവേഗത്തിൽ കടന്നുപോകാൻ ശ്രമിക്കുന്നത് ഗതാഗതക്കുരുക്കിന് വലിയ കാരണമാകുന്നുണ്ട്.

മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ ചുരം കയറുന്നത്. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച അതിരൂക്ഷമായ ഗതാഗതക്കുരുക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഞായറാഴ്ച രാവിലെ വരെയും രൂക്ഷമായി തുടർന്നു. രോഗികളുമായി പോയ ആംബുലൻസ് ഉൾപ്പടെ ഗതാഗതക്കുരുക്കിൽപെട്ടു. ഗുണ്ടല്‍പേട്ട, വയനാട് ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ തിരിച്ചെത്തുന്നതാണ് രാത്രികാലങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. രാത്രികാലങ്ങളില്‍ മാത്രം പ്രവേശനാനുമതിയുള്ള ഭാരമേറിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്നതും കുരുക്കിന് കാരണമാകുന്നു.

ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകളില്‍ നടക്കുന്ന വീതികൂട്ടല്‍ പ്രവൃത്തികള്‍ മൂലമുള്ള തടസ്സങ്ങളും പ്രതിസന്ധി വർധിപ്പിച്ചു. വാഹനങ്ങള്‍ കൂടുതലായി എത്തിയതോടെ കിലോമീറ്ററുകളോളം നീളത്തിലാണ് ഞായറാഴ്ചയും ചുരത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത്. ഇതിനിടയില്‍ ചുരത്തില്‍ മരം പൊട്ടിവീണതും കൂടുതൽ വാഹനങ്ങൾ കുടുങ്ങാൻ കാരണമായി.

കനത്ത ബ്ലോക്കില്‍ അത്യാസന്ന നിലയിലുള്ള രോഗികളുമായി പോയ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മണിക്കൂറുകളോളമാണ് കുടുങ്ങിയത്. ശനിയാഴ്ച രാവിലെ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ ബ്ലോക്ക് ഏറെനേരം കുരുക്കിന് കാരണമായി. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പുറപ്പെട്ടവരും ആംബുലൻസ് വാഹനങ്ങളും ചുരത്തിൽ കുടുങ്ങി. ഓണം അടുത്തതോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് ഇനിയും കൂടുതൽ രൂക്ഷമാമാകാനാണ് സാധ്യത.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി വേണം -യൂത്ത് കോൺഗ്രസ്

കൽപറ്റ: വയനാട് താമരശ്ശേരി ചുരം ഓണക്കാലത്ത് ബ്ലോക്ക് ആവാതിരിക്കാൻ ജില്ല ഭരണകൂടങ്ങൾ സമഗ്ര ഇടപെടലുകൾ നടത്തണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചുരത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഓണക്കാലത്ത് നിർത്തിവെക്കണം. മൾട്ടി ആക്സിൽ വണ്ടികൾ ഉൾപ്പെടെ വലിയ ചരക്ക് വാഹനങ്ങളും മറ്റും വഴിതിരിച്ചുവിടണം. നിരന്തരമുള്ള മാർഗതടസ്സം ഓണം ആഘോഷിക്കാൻ വീടുകളിലേക്ക് എത്തുന്നവർക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

അവധിക്കാലത്ത് വിനോദസഞ്ചാരികളുടെ വരവാണ് വയനാടിന്റെ സാമ്പത്തിക മേഖലക്ക് കൂടുതൽ ഉണർവ് നൽകുന്നത്. നിരന്തരമായുള്ള ചുരം ബ്ലോക്ക് ഇതിന് തടസ്സമാകുന്നു. ചുരത്തിൽ പൊലീസിന്റെ സേവനം നിർബന്ധമാക്കണം.

അതിലൂടെ അനധികൃത പാർക്കിങ്, അനാവശ്യ ഓവർടേക്ക് തുടങ്ങിയവ നിർത്തലാക്കാൻ സാധിക്കും. രൂക്ഷമായ ഗതാഗത തിരക്കുമൂലം നിരവധി രോഗികളാണ് നിരന്തരം ബ്ലോക്കിൽപെടുന്നത്. ഭരണകൂടങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി വയനാടിന്റെ യാത്രദുരിതത്തിന് പരിഹാരം കാണണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ജില്ല ഭരണകൂടവും സര്‍ക്കാറും ഇടപെടണം -വയനാട് ചേംബര്‍ ഓഫ് ടൂറിസം

കൽപറ്റ: ഓണാവധിക്കാലത്ത് ചുരത്തില്‍ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ജില്ല ഭരണകൂടവും സര്‍ക്കാറും അടിയന്തരമായി ഇടപെടണമെന്ന് വയനാട് ചേംബര്‍ ഓഫ് ടൂറിസം ആവശ്യപ്പെട്ടു. ഓണത്തോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തുന്ന ആയിരക്കണക്കിന് യാത്രക്കാരും വയനാട്ടിലേക്ക് എത്തുന്ന വിനോദസഞ്ചാരികളും ചുരത്തിലെ മണിക്കൂറുകള്‍ നീളുന്ന ബ്ലോക്ക് കാരണം കടുത്ത ദുരിതത്തിലാണ്.

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്തവിധം ഗുരുതര സാഹചര്യമാണുള്ളത്. വലിയ ലോറികള്‍, കണ്ടെയ്‌നറുകള്‍ തുടങ്ങിയ ഭാരവാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെ കടത്തിവിടുന്നത് താത്കാലികമായി നിര്‍ത്തിവെച്ച് മറ്റ് പാതകളിലൂടെ തിരിച്ചുവിടുണം.

അവധിക്കാലത്തെ വലിയ തിരക്ക് പരിഗണിച്ച് ഒരാഴ്ചത്തേക്ക് താമരശ്ശേരി ചുരത്തിലൂടെ യാത്രാവാഹനങ്ങള്‍ മാത്രം കടത്തിവിടാനുള്ള പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുക, ചുരത്തിലെ പ്രധാന വളവുകളിലും കുരുക്ക് അനുഭവപ്പെടുന്ന പോയിന്റുകളിലും ഗതാഗതം സുഗമമാക്കാന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക, ഉത്സവ സീസണില്‍ യാത്രക്കാര്‍ നേരിടുന്ന ദുരിതം ഒഴിവാക്കാനും ടൂറിസം മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിനും അടിയന്തര ട്രാഫിക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. അലി ബ്രാന്‍, സുനില്‍, മനു മത്തായി, വിനോദ്, രാധാകൃഷ്ണന്‍, ഗോപവര്‍മ്മ, സൈഫ് മാനു തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Traffic jam at Wayanad-Thamarassery pass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.