വ്യാജരേഖകളുമായി എത്തിയ ബസ് ആർ.ടി.ഒ ഉദ്യോഗസ്ഥർ
പിടികൂടിയപ്പോൾ
സുൽത്താൻ ബത്തേരി: കേരള -കർണാടക അതിർത്തിയിലെ മുത്തങ്ങ ചെക്ക്പോസ്റ്റിൽ മറ്റൊരു വാഹനത്തിന്റെ രേഖകളുമായി മൈസൂരുവിലെ ആർ. കെ.പുരത്തു നിന്നും എത്തിയ ടൂറിസ്റ്റ് ബസ് പിടികൂടി. മുത്തങ്ങ ആർ.ടി.ഒ ചെക്ക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.ആർ. മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് പിടികൂടി കേസെടുത്ത് സുൽത്താൻ ബത്തേരി പൊലീസിന് കൈമാറിയത്.
കഴിഞ്ഞദിവസം വൈകീട്ട് ആറിന് മുത്തങ്ങയിലെത്തിയ ഈ ബസ് മറ്റൊരു വാഹനത്തിന്റെ വ്യാജ രേഖകൾ നൽകി പെർമിറ്റ് എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ പതിച്ചത് ശ്രദ്ധയിൽപെട്ട എം.വി.ഐ പി.ആർ. മനു വാഹനത്തിന്റെ എൻജിൻ നമ്പറും ചെയിസ് നമ്പറും ശേഖരിച്ച് കമ്പ്യൂട്ടറിൽ പരിശോധിച്ചപ്പോഴാണ് രേഖകൾ വ്യാജമാണെന്ന് മനസിലായത്. ഉടൻ വാഹനം കസ്റ്റഡിയിലെടുത്ത് സുൽത്താൻ ബത്തേരി പൊലീസിൽ വിവരം അറിയിച്ചു. ഡ്രൈവറെയും ബസും പൊലീസ് സ്റ്റേഷനിൽ എത്തിക്കാനായിരുന്നു പൊലീസ് നിർദേശം. പൊലീസ് എത്താതായതോടെ ഡ്രൈവർ വനത്തിലൂടെ ഓടി രക്ഷപ്പെട്ടു.
പിറ്റേന്ന് രാവിലെ വാഹനം പിടികൂടിയ ഉദ്യോഗസ്ഥനായ പി.ആർ. മനു തന്നെ ബത്തേരിയിലെ ഹോട്ടലിൽ വെച്ച് ഡ്രൈവറെയും വാഹന ഉടമകളെയും പൊലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. രണ്ട് വർഷമായി പ്രസ്തുത വാഹനത്തിന് പെർമിറ്റോ ഇൻഷുറോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിന്റെ രേഖകളുമായാണ് നിറയെ വിനോദ സഞ്ചാരികളെയും കുത്തി നിറച്ച് വാഹനം കേരളത്തിലേക്ക് എത്തിയത്.
വാഹനം പിടിച്ചെടുക്കുന്ന സംഘത്തിൽ എ.എം.വി ഐമാരായ ഷാൻ എസ്. നാഫ്, ബൈജു, ഒ.എ. അബിൻ, ഒ.എ പ്രബിൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.