വനപാലക സംഘം ചീരാൽ പ്രദേശത്ത് തിരച്ചിൽ നടത്തുന്നു
സുൽത്താൻ ബത്തേരി: ചീരാൽ മേഖലയിൽ ആഴ്ചകളായി പശുക്കളെ ആക്രമിച്ചുകൊന്ന് ഭീതിപരത്തുന്ന കടുവ കേരള വനാതിർത്തിയിലെ തമിഴ്നാട് വനമേഖലയിലേക്കും പോകുന്നതായി വ്യക്തമായിട്ടുണ്ടെന്നും കടുവയെ പിടികൂടുന്നതിനായി കേരള-തമിഴ്നാട് ഡി.എഫ്.ഒമാരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരുമെന്നും വയനാട് വൈൽഡ് ലൈഫ് വാർഡൻ അബ്ദുൽ അസീസ് അറിയിച്ചു.
ചീരാലിൽ പശുക്കളെ ആക്രമിച്ചശേഷം കടുവ തമിഴ്നാടിന്റെ വനഭാഗത്തേക്ക് നീങ്ങുന്നതിനാലാണ് തിരച്ചിൽ നടത്തിയിട്ടും പിടികൂടാൻ കഴിയാത്തതെന്നാണ് നിഗമനം. ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്താൻ പാലക്കാട് വൈൽഡ് ലൈഫ് സി.സി.എഫിന്‍റെ നിർദേശ പ്രകാരം കേരള വനാതിർത്തിയിലെ തമിഴ്നാട് വനമേഖലയുടെ ചുമതലയുള്ള ഗൂഡല്ലൂർ ഡി.എഫ്.ഒയുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ ആവശ്യമായ സഹായം ലഭ്യമാക്കാമെന്ന് ഗൂഡല്ലൂർ ഡി.എഫ്.ഒ അറിയിച്ചിട്ടുണ്ട്. കടുവ വിഷയത്തിൽ കേരള ചീഫ് വൈൽഡ് ലൈഫ് വാർഡൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെടും.
മുക്കുത്തിക്കുന്ന്, ചീരാൽ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടുന്നതിനായി ശനിയാഴ്ചയും നോർത്ത് വയനാട്, സൗത്ത് വയനാട് വൈൽഡ് ലൈഫ് ഡിവിഷനിലെ വനപാലകരും ആർ.ആർ.ടി, വെറ്ററിനറി ടീമും സംയുക്തമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഡി.എഫ്.ഒമാരും വിവിധ റേഞ്ച് ഓഫിസർമാരും ചേർന്ന് കൂടിയാലോചന നടത്തിയശേഷമാണ് 65ലധികം വനപാലകരും ഏഴ് നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.