പശുക്കൾ ചത്ത ശശിമലയിലെ ക്ഷീരകർഷകരുടെ ഫാമുകൾ വിദഗ്ധ സംഘം സന്ദർശിക്കുന്നു
കൽപറ്റ: ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും.
പൊതുജനങ്ങൾ പകൽ സമയത്ത് പ്രത്യേക ശ്രദ്ധ പുലർത്തണം. പകൽ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയത്തെ സൂര്യപ്രകാശം ശരീരത്തിലേക്ക് തുടർച്ചയായി ഏൽക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും വെള്ളം ഇടവിട്ട് ശുദ്ധജലം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരം സ്ഥലങ്ങളിൽ ഫയർ ഓഡിറ്റും കൃത്യമായ സുരക്ഷാ മുൻകരുതലും സ്വീകരിക്കണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവർ, വിനോദ സഞ്ചാരികൾ പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം. മാധ്യമ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ പകൽ 11 മുതൽ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.
കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല. ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യണം. പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകളിൽ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ വിഭാഗം അറിയിച്ചു.
പുൽപള്ളി: വേനൽ ചൂടിനെ തുടർന്ന് മുള്ളൻകൊല്ലി പഞ്ചായത്തിൽ പശുക്കൾ ചത്ത ശശിമലയിലെ ക്ഷീരകർഷകരുടെ ഫാമുകൾ ജില്ല ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള വിദഗ്ധ സംഘം സന്ദർശിച്ചു. ശശി മലയിൽ പശുക്കൾ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിന്റെ ഭാഗമായായിരുന്നു മൃഗസംരക്ഷണ വകുപ്പിന്റെ സന്ദർശനം. ബന്ധപ്പെട്ട മൃഗാശുപത്രികളിൽ നിന്ന് ചികിത്സാ സംബന്ധമായ രേഖകൾ പരിശോധിക്കുകയും സാമ്പിൾ ശേഖരണം നടത്തുകയും ചെയ്തു. സൂര്യാഘാതവുമായി ബന്ധപ്പെട്ട നിർജലീകരണവും ഷോക്കും മൂലമാണ് പശുക്കൾ മരണപ്പെട്ടതെങ്കിൽ ഇത് സംബന്ധിച്ച് പരിശോധന നടത്തും. അർഹരായവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുന്നതിന്റെ ഭാഗമായായി ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സന്ദർശനം. പശുക്കൾ ചത്ത ചെറിയമ്പനാട്ട് അപ്പച്ചൻ, രാജു വലിയ വട്ടം, രവി തടത്തിൽ എന്നിവരുടെ ഫാമുകളാണ് സംഘം സന്ദർശിച്ചത്. ക്ഷീരകർഷക ശിപാർശ നൽകുമെന്ന് ചീഫ് വെറ്ററിനറി ഓഫിസർ അറിയിച്ചു ഡോ. കെ.എസ്. പ്രമൻ, ഡോ. നീതു ദിവാകർ, ഡോ. കൃഷ്ണാനന്ദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.