പനമരം-മാനന്തവാടി റോഡിലെ കാപ്പുംചാൽ യു വളവ്
പനമരം: പനമരം-മാനന്തവാടി റോഡിലെ കാപ്പുംചാൽ യു വളവ് സ്ഥിരം അപകടസ്ഥലമാകുന്നു. അഞ്ച് വർഷത്തിനിടെ ഇവിടെ അപകടങ്ങളുടെ പരമ്പരയായിരുന്നു. തിങ്കളാഴ്ച ബസുകൾ കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റ അപകടവും ഇവിടെയാണ്. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്കും പറശ്ശിനിക്കടവിലേക്കും പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ് തിങ്കളാഴ്ച രാവിലെ 9.45 ഓടെ പനമരം കൈതക്കലിനും കാപ്പുംചാലിനുമിടയിൽ ഈ വളവിൽ അപകടത്തിൽപെട്ടത്.
കൈതക്കൽ പള്ളി മുതൽ കാപ്പുംചാൽ ജങ്ഷൻ വരെ വരുന്ന 350 മീറ്റർ ദൂരമാണ് വലിയ വളവായുള്ളത്. വളവും തിരിവുമുള്ള റോഡിൽ മറുവശത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയില്ല. ഇത് അപകട സാധ്യത കൂട്ടുന്നു. യു വളവിൽ നിത്യം അപകടങ്ങൾ ഉണ്ടാകുമ്പോഴും പരിഹാര നടപടികൾ അധികൃതർ സ്വീകരിക്കുന്നില്ല. കൈതക്കൽ മുതൽ കാപ്പുംചാൽവരെ ഭാഗത്ത് സൂചന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഡിവൈഡർ സ്ഥാപിച്ചാൽ വലിയൊരളവോളം അപകടം കുറക്കാൻ കഴിയുമെങ്കിലും ഇതിനും അധികൃതർ തയാറാവുന്നില്ല.
മൂന്നുവർഷം മുമ്പാണ് കുണ്ടാലയിലെ സുബൈർ മുസ്ലിയാരും മകൻ മിഥ്ലാജും സഞ്ചരിച്ച ബൈക്ക് ഇതേ സ്ഥലത്തുവെച്ച് കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് രണ്ടുപേരും മരണപ്പെട്ടത്. മാനന്തവാടി റോഡിൽ ഇടതുഭാഗത്തുള്ള ഹയാത്ത് യൂസഫിന്റെ വീട്ടുമുറ്റത്തേക്ക് കാറ് മറിയുകയും ചെയ്തിരുന്നു. അന്ന് ആളപായമില്ലാതെ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ വർഷം താഴെച്ചാൽ സുലൈമാന്റെ ക്വാട്ടേഴ്സിലേക്കും കാർ നിയന്ത്രണംവിട്ടു മറിഞ്ഞു.
എല്ലാ അപകടങ്ങളും ഈ വളവിൽ തന്നെയാണ് ഉണ്ടാകുന്നത്. തുടരെ അപകടമുണ്ടായിടും പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കൈതക്കൽ ഡിപ്പോ മുതൽ കാപ്പുംചാൽ വരെ ഭാഗത്ത് റോഡ് അരിക് വീതി കുറവാണ്. അതിനാൽ, വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് മാറിനിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയുമുണ്ട്. ഇവിടെ കാൽനട യാത്രക്കാരും അപകടത്തിൽപെട്ടിട്ടുണ്ട്. കൈതക്കൽ എൽ.പി സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളടക്കം ഭീതിയോടെയാണ് ഇതിലെ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.