1984 ജൂലൈ ഒന്നിനായിരുന്നു മുണ്ടക്കൈ മേഖലയിൽ ആദ്യമായി ഉരുൾപൊട്ടലുണ്ടായത്. മുണ്ടക്കൈ കരിമറ്റം എസ്റ്റേറ്റിനോട് ചേർന്ന പ്രദേശത്തായിരുന്നു അത്. അന്ന് 14 പേർ മരിച്ചു. അതു വരെ ഈ പ്രദേശം പ്രകൃതി ദുരന്ത മേഖലയായിരുന്നില്ല. അതിന് ശേഷം മുണ്ടക്കൈ, വെള്ളരിമല മലനിരകളിൽ ശ്രദ്ധിക്കപ്പെടാതെ നിരവധി മണ്ണിടിച്ചിലുകളുണ്ടായി. എന്നാൽ, കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷേ, 2019 ആഗസ്റ്റ് എട്ടിനാണ് 17 മനുഷ്യ ജീവനെടുത്ത ഉരുൾപൊട്ടൽ പുത്തുമല പച്ചക്കാട് ഉണ്ടായത്. അന്നും ഇതിന്റെ കാരണമെന്ത് എന്ന അന്വേഷണം നടന്നില്ല.
അതിതീവ്രമഴ എന്ന കാരണത്തിലേക്കാണ് അന്വേഷണങ്ങൾ ചുരുങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യമായി നടന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായങ്ങൾ ഒഴുകിയെത്തി. സർക്കാർ ടൗൺഷിപ് പദ്ധതി പ്രഖ്യാപിച്ചു. പല സന്നദ്ധ സംഘടനകളും സ്വന്തം നിലക്ക് പലയിടങ്ങളിൽ വീടുകൾ നിർമിച്ചു നൽകി. ടൗൺഷിപ് ഉണ്ടായില്ലെങ്കിലും മേപ്പാടി മുക്കിൽപ്പീടികയിൽ ഏഴേക്കർ സ്ഥലത്ത് 49 വീടുകൾ നിർമിക്കപ്പെട്ടു. അതിൽ പലതും ചോർന്നൊലിക്കുന്നു എന്ന പരാതിയും ഉയർന്നു.
ചൂരൽമല തേയിലത്തോട്ടത്തിലെ തൊഴിലാളികൾ
പുത്തുമല ദുരന്തം നടന്ന് ഒരു വർഷം തികയുന്നതിന്റെ തലേ ദിവസം 2020 ആഗസ്റ്റ് ഏഴിന് മുണ്ടക്കൈ മല നിരകളിൽ വീണ്ടും ഉരുൾപൊട്ടൽ സ്ഥിരീകരിച്ചു. അന്ന് പുഞ്ചിരിമട്ടത്തെ മൂന്നു വീടുകളും ചില ചെറുപാലങ്ങളും തകർന്നു. പ്രദേശം പ്രകൃതി ദുരന്ത ഭീതിയിലായി. വീണ്ടും നാലു വർഷം തികയുന്നതിന് മുമ്പാണ് 2024 ജൂലൈ 30ന് രാജ്യത്തെ നടുക്കിയ 298 മനുഷ്യരുടെ ജീവനും വസ്തുവകകളും നശിപ്പിച്ച ദുരന്തം വീണ്ടും സംഭവിച്ചത്. ദുരന്ത ശേഷം പതിവു പോലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ സന്നദ്ധ സംഘടനകളും സർക്കാറും രംഗത്തുണ്ട്.
മുണ്ടക്കൈ മേഖലയിൽ അടിക്കടിയുണ്ടാകുന്ന ഉരുൾപൊട്ടൽ പ്രതിഭാസത്തിന്റെ കാരണമെന്ത് എന്നത് സംബന്ധിച്ച് സത്യസന്ധമായ പഠനം നടത്തിയിട്ടില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പുഞ്ചിരി മട്ടം, കരിമറ്റം, മുണ്ടക്കൈ, പുത്തുമല മേഖലകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മാത്രം ശക്തമായി മഴയുണ്ടാകുമ്പോൾ ഇളകി നിൽക്കുന്ന പാറകളും കല്ലും മണ്ണും താഴേക്ക് പതിക്കുന്നു എന്നാണ് പറയുന്നത്. മലനിരകൾക്കാകെ ഇളക്കം തട്ടുന്ന സാഹചര്യമുണ്ടാകുന്നത് എന്തുകൊണ്ട് എന്നതു സംബന്ധിച്ച് വസ്തുനിഷ്ഠമായ ഒരു പരിശോധനയും നടന്നിട്ടില്ല.
ഒരന്വേഷണവും അവിടേക്ക് എത്താതിരിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നാണ് ഇവിടെയുള്ളവർ പറയുന്നത്. സാധാരണക്കാർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ എന്നിവർ മാത്രമാണ് മേഖലയിലുണ്ടായ ദുരന്തങ്ങളിലൊക്കെ മരിച്ചത്. ദുരന്തങ്ങളുടെ കണ്ണീർച്ചാലുകൾ തോട്ടം മേഖലയിൽ ഇപ്പോഴും കണ്ണീർപ്പുഴയായി ഒഴുകിക്കൊണ്ടിരിക്കുകയാണ്.
(പരമ്പര അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.