സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ബ്ലോക്ക് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പ്രതിഷേധവുമായെത്തിയ പ്രവർത്തകർ പൊലീസ് തീർത്ത ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ചെറിയ രീതിയിലുള്ള സംഘർഷമുണ്ടായത്. പ്രവർത്തകരും പൊലീസും കൈയേറ്റം തുടരുന്നതിനിടെ മുതിർന്ന നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കി.
വ്യാഴാഴ്ച രാവിലെ 11ഓടെ സുൽത്താൻ ബത്തേരി രാജീവ് ഭവനിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. ബ്ലോക്ക് ഓഫിസിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചു. ഇതിനിടെ ചിലർ ബ്ലോക്ക് പഞ്ചായത്തിന്റെ ചുറ്റുമതിൽ ചാടിക്കടക്കാനുള്ള ശ്രമവും നടത്തി. ഇത് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമായി. ഏതാനും യൂത്ത് കോൺഗ്രസുകാർക്ക് നിസ്സാര പരിക്കേറ്റു.
കെ.പി.സി.സി അംഗം കെ.എൽ. പൗലോസ് ധർണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ് അധ്യക്ഷത വഹിച്ചു.
എൻ. കെ. ഇന്ദ്രജിത്ത്, അഡ്വ. ലയണൽ മാത്യു, അമൽജോയി, യൂനസ് അലി, സുജിത്ത്, ഷമീർ ഷാഫി, സിറിൽജോസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.