സുൽത്താൻ ബത്തേരി: നിയമസഭ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥി ചർച്ചകൾ ഇടതു, വലത്, എൻ.ഡി.എ മുന്നണികളിൽ സജീവം. സീറ്റ് നിലനിർത്താൻ യു.ഡി.എഫും തിരിച്ചുപിടിക്കാൻ എൽ.ഡി.എഫും ശക്തമായി കളത്തിലിറങ്ങുമെന്ന് ഉറപ്പാണ്. പരമാവധി വോട്ടുകൾ നേടി മണ്ഡലത്തിൽ തങ്ങളുടെ ശക്തി തെളിയിക്കുക എന്നതാണ് ബി.ജെ.പിയും കണക്കുകൂട്ടുന്നത്.
പൊതുവേ, യു.ഡി.എഫിന് മുൻതൂക്കമുള്ള നിയമസഭ മണ്ഡലമാണ് സുൽത്താൻ ബത്തേരി. മണ്ഡലം രൂപവത്കൃതമായിട്ട് 11 തവണ തെരഞ്ഞെടുപ്പ് നടന്നു. അതിൽ ഒമ്പത് തവണയും യു.ഡി.എഫാണ് വിജയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഐ.സി. ബാലകൃഷ്ണനാണ് ഇവിടെനിന്നും വിജയിച്ചിട്ടുള്ളത്. എന്നാൽ, അതിനുമുമ്പ് എൽ.ഡി.എഫിലെ പി. കൃഷ്ണപ്രസാദും വർഗീസ് വൈദ്യരും സുൽത്താൻ ബത്തേരി മണ്ഡലത്തിൽ വിജയിച്ച ചരിത്രമുണ്ട്. അതിനാൽ യു.ഡി.എഫിന്റെ തുടർച്ചയായ വിജയം എൽ.ഡി.എഫിനെ അലോസരപ്പെടുത്തുന്നില്ല. ഇത്തവണയും യു.ഡി.എഫ് പാളയത്തിൽനിന്ന് ഐ.സി. ബാലകൃഷ്ണന്റെ പേരാണ് ഉയർന്നുകേൾക്കുന്നത്. നാലാമതും ഐ.സി. ബാലകൃഷ്ണനെ സുൽത്താൻ ബത്തേരിയിൽ മത്സരിപ്പിക്കാൻ യു.ഡി.എഫിൽ വലിയ തർക്കങ്ങളൊന്നുമില്ലെന്നാണ് അറിയുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ഐ.സി. ബാലകൃഷ്ണൻ ഏറെ ആരോപണങ്ങൾക്ക് നടുവിലാണ്. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനക്കോഴ, മുൻ ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം എന്നിവയൊക്കെ ഐ.സി. നേരിടുന്നുണ്ട്. എന്നാൽ, അത്തരം ആരോപണങ്ങളൊന്നും കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ചുരുക്കത്തിൽ ഐ.സിക്ക് ബദലായി മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്താൻ യു.ഡി.എഫിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഇ.എ. ശങ്കരനെ 7583 വോട്ടുകൾക്കും, 2016ൽ രുഗ്മിണി സുബ്രഹ്മണ്യനെ 11,198 വോട്ടുകൾക്കുമാണ് ഐ.സി പരാജയപ്പെടുത്തിയത്. 2021ൽ സി.പി.എമ്മിലെ എം.എസ്. വിശ്വനാഥനെക്കാളും 11,822 വോട്ടുകൾ കൂടുതൽ നേടി. കെ.പി.സി.സി സെക്രട്ടറിയായിരുന്ന വിശ്വനാഥൻ പെട്ടെന്ന് പാർട്ടി മാറി സ്ഥാനാർഥിയാവുകയായിരുന്നു. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തപ്പെട്ടതോടെ സുൽത്താൻ ബത്തേരിയിലെ യു.ഡി.എഫിൽ ഐ.സി അജയ്യനായി വളരുകയായിരുന്നു. കോൺഗ്രസിലും മുസ്ലിം ലീഗിലും ഐ.സി സ്ഥാനാർഥിയാകുന്ന കാര്യത്തിൽ വിരുദ്ധ അഭിപ്രായങ്ങളില്ല. എന്നാൽ, പണിയ, കുറുമ വിഭാഗങ്ങൾ അവരുടെ സമുദായത്തിൽനിന്ന് ഒരാളെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം സുൽത്താൻ ബത്തേരിയിൽ മുമ്പും ഉയർത്തിയിരുന്നു. ഈയൊരു ആവശ്യത്തെ യു.ഡി.എഫിന് പൂർണമായും അവഗണിക്കാനാവില്ല.
എൽ.ഡി.എഫിൽ ഇത്തവണ പലരുടെയും പേരുകൾ പറഞ്ഞുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ മണ്ഡലത്തിൽ മത്സരിച്ച എം.എസ്. വിശ്വനാഥൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ രുഗ്മിണി സുബ്രഹ്മണ്യൻ, എ.കെ.എസ് നേതാവ് പി. വാസുദേവൻ എന്നിവർക്കൊക്കെ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷമേ ഇത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കൂവെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. ഇപ്പോൾ ചില പേരുകൾ കേൾക്കുന്നുണ്ടെന്ന് പറയുന്നതിൽ ഒരു കാര്യവുമില്ലെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് മെംബർ വി.വി. ബേബി പ്രതികരിച്ചു. സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും രുഗ്മിണി സുബ്രഹ്മണ്യൻ പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറെ പഴികേട്ട മണ്ഡലമാണ് സുൽത്താൻ ബത്തേരി. എൻ.ഡി.എ സ്ഥാനാർഥി സി.കെ. ജാനു 15,198 വോട്ട് നേടി. ജാനുവിനെ സ്ഥാനാർഥിയാക്കാൻ അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോഴ നൽകിയെന്ന ആരോപണമാണ് ഉയർന്നത്. കേരള രാഷ്ട്രീയത്തിൽ വലിയ കോലാഹലം അതുണ്ടാക്കിയിരുന്നു.
ഇത്തവണ സുൽത്താൻ ബത്തേരി മേഖലയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവ് എ.എസ്. കവിത മത്സരിക്കാൻ സാധ്യതയുണ്ട്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുനിസിപ്പാലിറ്റിയുടെ കിടങ്ങിൽ ഡിവിഷനിൽനിന്ന് മത്സരിച്ച് കവിത രണ്ടാമതെത്തിയിരുന്നു. എന്നാൽ, സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കേന്ദ്ര കമ്മിറ്റിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും കവിത വ്യക്തമാക്കി.
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും നൂൽപുഴ, നെന്മേനി, പൂതാടി, മീനങ്ങാടി, മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് സുൽത്താൻ ബത്തേരി നിയമസഭ നിയോജക മണ്ഡലം.
ഇതിൽ മീനങ്ങാടി പഞ്ചായത്ത് മാത്രമാണ് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷം കൊടുത്തത്. എൽ.ഡി.എഫിന്റെ പക്കലുണ്ടായിരുന്ന സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയും അമ്പലവയലും ഇത്തവണ യു.ഡി.എഫിനൊപ്പമായി. നിയോജക മണ്ഡലത്തിലെ മൊത്തത്തിലുള്ള കണക്കെടുക്കുമ്പോൾ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ 3000ത്തോളം വോട്ടുകളിൽ യു.ഡി.എഫ് മുന്നിലാണ്. പൂതാടി ഉൾപ്പെടെയുള്ള ചില പഞ്ചായത്തുകളിൽ ബി.ജെ.പി വലിയ മുന്നേറ്റമുണ്ടാക്കി. നിയമസഭ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ ഇടത്, വലതു മുന്നണികൾ ശക്തമായി രംഗത്തിറങ്ങേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.