താളൂർ കവല
സുൽത്താൻ ബത്തേരി: തമിഴ്നാട്, കേരള അതിർത്തി പ്രദേശമായ താളൂരിൽ സൗകര്യപ്രദമായ ബസ് സ്റ്റാൻഡില്ലാത്തത് യാത്രക്കാരെ വലക്കുന്നു. നിരവധി ബസുകൾ വന്ന് തിരിച്ചു പോകുന്ന ഈ കവലയിൽ ബസ് തിരിക്കാനും നിർത്തിയിടാനും യാത്രക്കാർക്ക് വിശ്രമിക്കാനും സ്ഥലമോ സൗകര്യങ്ങളോ ഇല്ല. സുൽത്താൻ ബത്തേരി, മീനങ്ങാടി ഭാഗങ്ങളിൽ നിന്ന് വരുന്ന നിരവധി സ്വകാര്യ ബസ്സുകൾ ഇവിടെ ഓട്ടം അവസാനിപ്പിച്ച് തിരിച്ച് പോകുന്നുണ്ട്. അതുപോലെ തമിഴ്നാട്ടിലെ ഗൂഡല്ലൂർ, പന്തല്ലൂർ, ചേരമ്പാടി എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി തമിഴ്നാട് ബസ്സുകളും ഇവിടെ വരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ അന്തർസംസ്ഥാന ബസുകളും ഇതുവഴി കടന്നുപോകുന്നു.
റോഡരികിൽ ബസുകൾ കൂട്ടമായി നിർത്തിയിടുന്നതോടെ കവലയിൽ നിന്ന് തിരിയാൻ ഇടമില്ലാത്ത സാഹചര്യം ഉണ്ടാവും. താളൂർ പാലത്തിന് അപ്പുറം തമിഴ്നാടിന്റെ പരിധിയിൽ ചെറിയൊരു പാർക്കിങ് ഏരിയ ഉണ്ട്. രണ്ട് ബസ്സുകൾക്ക് മാത്രമേ ഇവിടെ നിർത്തിയിടാൻ പറ്റൂ. പാലത്തിന് ഇപ്പുറം നെന്മേനി പഞ്ചായത്താണ്. ഈ ഭാഗത്തെങ്കിലും ആറോ ഏഴോ ബസ്സുകൾക്ക് ഒന്നിച്ച് പാർക്ക് ചെയ്യാനുള്ള ഇടം കണ്ടെത്തിയാൽ യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും. അത്തരത്തിലുള്ള ശ്രമങ്ങളൊന്നും ഉണ്ടാവുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
താളൂരിന്റെ കാര്യത്തിൽ തമിഴ്നാടും വലിയ താൽപര്യം കാണിക്കുന്നില്ല. അതേസമയം, താളൂരിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് എരുമാട്. എരുമാട് ടൗൺ വികസനത്തിലേക്ക് കുതിക്കുമ്പോഴാണ് താളൂർ പഴയ അവസ്ഥയിൽ തന്നെ തുടരുന്നത്. കേരള, തമിഴ്നാട് സർക്കാറുകൾ സംയുക്തമായി വിചാരിച്ചാൽ മാത്രമേ താളൂരിൽ ബസ് സ്റ്റാൻഡും മറ്റ് വികസന പ്രവർത്തനങ്ങളും നടക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.