സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിലെ പതിവ് തിരക്ക്, താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗം
സുൽത്താൻ ബത്തേരി: താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി ജില്ല ആശുപത്രിയാക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തുടങ്ങിയിടത്തു തന്നെ നിൽക്കുമ്പോൾ തദ്ദേശ തെരഞ്ഞെടുപ്പിൽ അത് സംബന്ധിച്ചുള്ള കാര്യമായ ചർച്ച ഉണ്ടാകുന്നില്ല. മുന്നണികൾ ഇക്കാര്യത്തിൽ കാര്യമായി മിണ്ടുന്നുമില്ല. നിലവിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് താലൂക്ക് ആശുപത്രിയുള്ളത്. ഇത് ജില്ല ആശുപത്രിയാക്കി ജില്ല പഞ്ചായത്തിന് കീഴിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് എങ്ങുമെത്താത്തത്.
മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതോടെയാണ് ജില്ലയിൽ ജില്ല ആശുപത്രി ഇല്ലാത്ത സാഹചര്യമുണ്ടായത്. സുൽത്താൻ ബത്തേരി താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തണമെന്ന ആവശ്യവും ഈ സാഹചര്യത്തിലാണ് ശക്തമായത്. മെഡിക്കൽ കോളജിനോട് കിട നിലനിൽക്കുന്ന രീതിയിലുള്ള വലിയ കെട്ടിടങ്ങളും മറ്റ് സജ്ജീകരണങ്ങളും ഒരുക്കപ്പെട്ടിട്ടും സുൽത്താൻ ബത്തേരി ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്താനുള്ള ശ്രമങ്ങൾ എങ്ങുമെത്തിയില്ല.
ബത്തേരി താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയാക്കുന്ന കാര്യം സംബന്ധിച്ച് ഏതാനും മാസം മുമ്പ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളിൽ ചർച്ചയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗീകരിച്ചാൽ മാത്രമേ ബത്തേരിക്ക് ജില്ല ആശുപത്രിയാകാനുള്ള സാഹചര്യം ഉണ്ടാകൂ.
ബ്ലോക്ക് ഭരണസമിതി അംഗീകരിക്കാത്തതു കൊണ്ടാണ് ജില്ല ആശുപത്രി സാധ്യത മങ്ങുന്നതെന്നായിരുന്നു ബ്ലോക്ക് പഞ്ചായത്തിലെ പ്രതിപക്ഷം ഏതാനും മാസം മുമ്പ് ആരോപണം ഉന്നയിച്ചത്. ജില്ല ആശുപത്രിയാകുമ്പോൾ പാർട്ടി തലത്തിൽ നടത്തിയ ഒരുപാട് താൽക്കാലിക നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടാകുമെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, അങ്ങനെയല്ല കാര്യങ്ങളെന്ന് ഭരണസമിതി അംഗങ്ങളും പറഞ്ഞിരുന്നു. യഥാർഥ വസ്തുത ഇപ്പോഴും പുകമറയിൽ തന്നെയാണ്.
സുൽത്താൻ ബത്തേരിയിൽ നിന്നും മാനന്തവാടി മെഡിക്കൽ കോളജിലേക്ക് എത്താൻ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. അതിനാൽ ഇവിടത്തെ താലൂക്ക് ആശുപത്രിയാണ് ബത്തേരി താലൂക്കിലെ സാധാരണക്കാരുടെ ഏക ആശ്രയം. ജില്ല ആശുപത്രിയാക്കി ഉയർത്തപ്പെടുകയും അതനുസരിച്ച് ജീവനക്കാരെ നിയമിക്കുകയും ചെയ്താൽ സുൽത്താൻ ബത്തേരി താലൂക്കിലെ ജനത്തെ സംബന്ധിച്ചിടത്തോളം അത് വലിയ ആശ്വാസമാകും.
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അമ്മയും കുഞ്ഞും ബ്ലോക്ക് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഏറെ മുറവിളിക്ക് ശേഷമായിരുന്നു ഉദ്ഘാടനം. ഹൈടെക് കെട്ടിടത്തിൽ ഇനിയും കൂടുതൽ ജീവനക്കാരെ നിയമിച്ചാൽ മാത്രമേ അമ്മയും കുഞ്ഞും ബ്ലോക്ക് പൂർണമായി പ്രവർത്തന സജ്ജമാകൂ.
ഒരു തദ്ദേശസ്ഥാപനത്തിന് കീഴിലാണ് താലൂക്ക് ആശുപത്രി എന്നതിനാൽ ഈ തെരഞ്ഞെടുപ്പിൽ ആശുപത്രി കാര്യം ഒഴിച്ചുകൂടാനാവാത്തതാണ്. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന ഒരാവേശം രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ കാണിക്കുന്നില്ല എന്നതാണ് ഖേദകരം. വിമതരും മറ്റ് അഭ്യന്തര കലഹങ്ങളിലും മുന്നണികൾ ഉഴലുന്ന കാഴ്ചയാണ് ബത്തേരിയിലുള്ളത്. ഇതിനിടയിൽ ആശുപത്രിക്കാര്യം പിന്നാക്കം പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.