ചുള്ളിയോട് പൊന്നംകൊല്ലിയിൽ കത്തി നശിച്ച കാറും ബൈക്കും സ്കൂട്ടറും
സുൽത്താൻ ബത്തേരി: ചുള്ളിയോട് മാടക്കരക്കടുത്ത് പൊന്നംകൊല്ലിയിൽ കാറും ബൈക്കും സ്കൂട്ടറും പെട്ടിക്കടയും അജ്ഞാതൻ കത്തിച്ചു. പൊന്നംകൊല്ലി മഠത്തിൽ അഖിലിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ലിനിയ കാർ, സുഹൃത്ത് അക്ഷയിയുടെ ജിക്സർ ബൈക്ക്, അയൽവാസി ബെന്നിയുടെ വീട്ടുമുറ്റത്തെ സ്കൂട്ടർ, സമീപത്തെ മധുവിന്റെ പെട്ടിക്കട എന്നിവയാണ് കത്തിച്ചത്.
തിങ്കളാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം. ബൈക്ക് പൂർണമായും കത്തി നശിച്ചു. കാർ, സ്കൂട്ടർ ഭാഗികമായും കടയുടെ ഷീറ്റുൾപ്പെടെയുള്ള ചില ഭാഗവും കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ ശബ്ദംകേട്ട് അഖിൽ എഴുന്നേറ്റു നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് വാഹനങ്ങൾ കത്തുന്നത് കണ്ടത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചു.
ഈ സമയമാണ് ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും മധുവിന്റെ കടയും കത്തിയ കാര്യം പുറത്തറിയുന്നത്.
ഉടൻ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണച്ചു. കത്തിച്ച ആളുകളെക്കുറിച്ച് വിവരമില്ല. ലഹരി ഉപയോഗിക്കുന്ന ആരെങ്കിലും ആണോ സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നുണ്ട്. അമ്പലവയൽ പൊലീസാണ് കേസന്വേഷിക്കുന്നത്.
ആശയക്കുഴപ്പത്തിൽ നാട്ടുകാർ
സുൽത്താൻബത്തേരി: തീവെപ്പുമായി ബന്ധപ്പെട്ട് പൊന്നംകൊല്ലി ഭാഗത്തെ ജനങ്ങൾ ആശയക്കുഴപ്പത്തിൽ. മൂന്നു വാഹനങ്ങളും ഒരു കടയും കത്തിച്ചത് പ്രദേശവുമായി അടുത്ത ബന്ധമുള്ളവരായിരിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. ബൈക്കും കാറും കത്തി നശിച്ച വീട് റോഡിനടുത്താണ്. അൽപം ഉള്ളിലേക്ക് മാറിയാണ് സ്കൂട്ടി നിർത്തിയിട്ടിരുന്ന വീട്. ഈ വീടിന്റെ മുറ്റത്തുണ്ടായിരുന്ന വെട്ട് കഷണങ്ങൾ, ചെരുപ്പ് എന്നിവയൊക്കെ സ്കൂട്ടിയുടെ മുകളിലിട്ട് തീ കത്തിക്കുകയായിരുന്നു. പെട്ടെന്ന് തീ കെടുത്താനായതിനാൽ സ്കൂട്ടി പൂർണമായും നശിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.