കടുവകൾ കൂടുതൽ ഇടങ്ങളിൽ; കാടിറങ്ങാതെ നോക്കാൻ സംവിധാനമില്ല

സുൽത്താൻ ബത്തേരി: കടുവകൾ കൂടുതൽ ഇടങ്ങളിലേക്ക് നീങ്ങുമ്പോൾ ജില്ലയിലെ വനം വകുപ്പ് നിസ്സഹായതയിലാവുകയാണ്. ഒരുസ്ഥലത്തുനിന്ന് തുരത്തുമ്പോൾ മറ്റുസ്ഥലങ്ങളിൽ പുതിയ കടുവകൾ എത്തുന്നു. കടുവ എത്താത്ത ഒരുവയനാടൻ ഗ്രാമം പോലും ഇല്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

ചീരാലിലെ കടുവ കൂട്ടിലാകുന്നതിന് മുമ്പേ കൃഷ്ണഗിരിയിലും കടുവ എത്തിയിരുന്നു. ചീരാലിലെ ദൗത്യത്തിന് ശേഷം വനം വകുപ്പ് കൃഷ്ണഗിരിയിലേക്ക് കേന്ദ്രീകരിച്ചു. വ്യാപകമായി തിരച്ചിൽ നടത്തിയപ്പോൾ കടുവ കഴിഞ്ഞ ദിവസം ബീനാച്ചി എസ്റ്റേറ്റിലേക്ക് കയറിപ്പോയെന്ന് ഉറപ്പിക്കാനായി. എന്നാൽ, വടക്കനാടും നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി ചെട്ടിമൂലയും ഏതാനും ദിവസങ്ങളായി കടുവപ്പേടിയിലാണ്.

കൃഷ്ണഗിരിയിലെ കടുവയാണ് ചെട്ടിമൂലയിലെത്തിയതെന്ന് പ്രചാരണമുണ്ടെങ്കിലും വ്യക്തതയില്ല. എസ്റ്റേറ്റിൽ കയറിയ കടുവ പുറത്തിറങ്ങാതിരിക്കാൻ വനം വകുപ്പ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്നു. കൃഷ്ണഗിരി കടുവ ചെട്ടി മൂലയിലെത്തിയെങ്കിൽ ബീനാച്ചി എസ്റ്റേറ്റിന് ചുറ്റുമുള്ള കാവൽ പ്രഹസനമായിരുന്നതായി വേണം കരുതാൻ.

മയക്കുവെടി വെക്കാൻ വലിയസംഘത്തെ ഇറക്കിയിട്ടും ചീരാലിലും കൃഷ്ണഗിരിയിലും പ്രയോജനമുണ്ടായില്ല. അതേസമയം, കൃഷ്ണഗിരി മണ്ഡകവയലിലും ചീരാലിലും കൂട്ടിൽ കടുവ കയറുകയുണ്ടായി. കൂടുവെച്ച് പിടികൂടുക മാത്രമേ ഇവിടെ പ്രായോഗികമാകുന്നുള്ളൂ.

എന്നാൽ, അതിന് ദിവസങ്ങളോളം കാത്തിരിക്കണം. ഇതിനിടെ കടുവ വളർത്തുമൃഗങ്ങളെ ആക്രമിക്കുമ്പോൾ ലക്ഷങ്ങളുടെ നഷ്ടം വനംവകുപ്പിന് ഉണ്ടാവുന്നുമുണ്ട്. ബീനാച്ചി എസ്റ്റേറ്റിൽ ഒന്നിൽ കൂടുതൽ കടുവകൾ ഉണ്ടെന്ന് വനം വകുപ്പ് നേരത്തെ സ്ഥിരീകരിച്ചതാണ്.

കടുവകളെ കൂടുവെച്ച് പിടികൂടുന്നതിനോ എസ്റ്റേറ്റിനു പുറത്തിറങ്ങാതെ നോക്കുന്നതിനോ വനം വകുപ്പിന് സാധിക്കുന്നില്ല. കിടങ്ങ്, വൈദ്യുതി വേലി എന്നിവയൊക്കെ കാട്ടാന പ്രതിരോധത്തിനായി ഉപയോഗിക്കുമ്പോൾ കടുവകൾ കാടിന് പുറത്തിറങ്ങാതെ നോക്കാനുള്ള ഒരു സജ്ജീകരണവും ബന്ധപ്പെട്ട വകുപ്പിന്‍റെ പക്കൽ ഇല്ലെന്ന് വേണം കരുതാൻ.2019ൽ വടക്കനാട് വനത്തിൽ വിറക് ശേഖരിക്കാൻ പോയ ആദിവാസി കടുവയുടെ മുന്നിൽപെടുകയുണ്ടായി.

പച്ചാടി കോളനിയിലെ ജഡയന്‍റെ മൃതദേഹ അവശിഷ്ടങ്ങളാണ് ഏതാനും ദിവസങ്ങൾക്ക് ശേഷം കണ്ടെത്താനായത്. ഇതിനുശേഷം ജില്ലയിൽ കടുവ ശല്യം രൂക്ഷമാകുകയാണ്. .

Tags:    
News Summary - Tigers in more places-There is no system to look without going into the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.