വരുന്നു, കടുവകൾക്ക്​ അഭയ പരിചരണ കേന്ദ്രം

സുൽത്താൻ ബത്തേരി: കടുവകൾക്കുള്ള സംസ്ഥാനത്തെ ആദ്യത്തെ അഭയ പരിചരണ കേന്ദ്രം ജില്ലയിൽ യാഥാർഥ്യമാകുന്നു.

കുറിച്ച്യാട് റേഞ്ചിൽപ്പെട്ട സുൽത്താൻ ബത്തേരിക്കടുത്ത പച്ചാടിയിലാണ് ഇതിനായി അഞ്ച് ഏക്കറോളം സ്​ഥലം കണ്ടെത്തിയിരിക്കുന്നത്. പ്രായാധിക്യവും പരിക്കും മൂലം വനത്തിന് പുറത്തു വന്ന് ഇര തേടുന്നതിനിടെ പിടിയിലാകുന്ന കടുവകൾക്ക് അഭയവും പരിചരണവും നൽകുകയാണ് അഭയ കേന്ദ്രംകൊണ്ട് ഉദ്ദേശിക്കുന്നത്.

വർഷങ്ങൾക്കു മുമ്പ് വനം വന്യജീവി വകുപ്പ് 'വനലക്ഷ്മി' എന്ന പേരിൽ കുരുമുളക് തോട്ടം നടത്തിയിരുന്നു.

ഇപ്പോൾ തോട്ടം പ്രവർത്തനം നിലച്ച അവസ്​ഥയിലാണ്. കുരുമുളക് തോട്ടത്തോടനുബന്ധിച്ചുള്ള സ്ഥലമാണ് കടുവ കേന്ദ്രത്തിനായി മാറ്റിയിരിക്കുന്നത്. കടുവ സംരക്ഷണത്തിനുള്ള അനുബന്ധ സജ്ജീകരണങ്ങൾ ഒരുക്കുന്നതി​െൻറ ഭാഗമായി 78 ലക്ഷം രൂപ ചെലവാക്കും. മൂന്നു മാസത്തിനകം പ്രവർത്തനം ആരംഭിക്കുന്ന രീതിയിലാണ് ഒരുക്കങ്ങൾ മുന്നേറുന്നത്.

കേന്ദ്രത്തിൽ ഒരേ സമയം നാലു കടുവകളെ സംരക്ഷിക്കാനാകുമെന്ന് വനം^ വന്യജീവി വകുപ്പ് അധികൃതർ പറഞ്ഞു. കേന്ദ്രത്തിൽ നൽകുന്ന പരിചരണത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുന്ന കടുവകളെ അവയുടെ യഥാർഥ ആവാസ കേന്ദ്രത്തിൽ തുറന്നുവിടുകയോ മൃഗശാലയിലേക്കു മാറ്റുകയോ ചെയ്യും.

ജില്ലയിൽ ജനവാസകേന്ദ്രങ്ങളിൽ കുറച്ചുകാലമായി കടുവശല്യം വർധിച്ചിരിക്കയാണ്. കാട്ടിൽ സ്വയം ഇര തേടാൻ കെൽപില്ലാത്ത കടുവകളാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത്. വളർത്തുമൃഗങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്. വിശപ്പകറ്റുന്നതിന് കാടിറങ്ങുന്ന കടുവകളിൽ കർണാടകയിലെ ബന്ദിപ്പുർ, നാഗർഹോള വനങ്ങളിലേതും ഉൾപ്പെടും. പറമ്പിക്കുളവും പെരിയാറുമാണ് കേരളത്തിലെ കടുവ സങ്കേതങ്ങൾ. എന്നാൽ, സംസ്​ഥാനത്ത് കൂടുതൽ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണ്. ഈയൊരു സാഹചര്യം കണക്കിലെടുത്താണ് വനം വകുപ്പി​െൻറ പുതിയ നീക്കം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.