സുൽത്താൻ ബത്തേരി: വാകേരിക്കടുത്ത് മൂടക്കൊല്ലിയിൽ ഇടവേളക്ക് ശേഷം വീണ്ടും കടുവയെത്തി. വനാതിർത്തിയിൽ ഗർഭിണിയായ പശുവിനെ കടിച്ചുകൊന്നു. കടുവയെത്തിയതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. മൂടക്കൊല്ലി ലക്ഷം വീട് കോളനിക്ക് സമീപം മുത്തിമല അനൂപിന്റെ നാലര വയസ്സുള്ള ഏഴ് മാസം ഗർഭിണിയായ പശുവിനെയാണ് കൊന്നത്.
പകുതിയോളം ഭാഗം കടുവ ഭക്ഷിച്ചു. കുട്ടി പുറത്തായ നിലയിലാണ്. വെള്ളിയാഴ്ച വൈകീട്ടാണ് പശുവിനെ കാണാതായത്. വനത്തോടു ചേർന്ന ഭാഗത്ത് മേയാൻ വിട്ടതായിരുന്നു.തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ വനത്തിനുള്ളിൽ ജഡം കണ്ടെത്തുകയായിരുന്നു.
സ്ഥലത്തെത്തിയ വനം വകുപ്പ് പശുവിന്റെ ചെവിയിൽ ഘടിപ്പിച്ച നമ്പർ കൊണ്ടുപോയതായി അനൂപിന്റെ ബന്ധുക്കൾ പറഞ്ഞു. പശുവിന്റെ ജഡത്തിനു സമീപം കടുവയെ നാട്ടുകാരിൽ ചിലർ കണ്ടുവെന്നാണ് പറയുന്നത്.
കടുവ പ്രദേശം വിട്ടു പോയിട്ടില്ലെന്നാണ് നാട്ടുകാരുടെ നിഗമനം. വനം വകുപ്പ് പ്രദേശത്ത് റോന്തു ചുറ്റുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. പശുവിനെ കടുവ പിടിച്ചത് വനത്തിനുള്ളിൽ വെച്ചാണെന്ന് ചെതലയം റേഞ്ച് ഓഫിസ് അധികൃതർ പറഞ്ഞു.
കടുവ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥിതിക്ക് നിരീക്ഷിക്കാൻ പ്രദേശത്ത് കാമറകൾ സ്ഥാപിക്കുമെന്നും റേഞ്ച് ഓഫിസ് അറിയിച്ചു. അതേസമയം, വനത്തിനുള്ളിൽ വെച്ചാണ് പശു ആക്രമിക്കപ്പെട്ടതെന്ന കാരണത്താൽ ഉടമക്ക് വനം വകുപ്പിന്റെ നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
സുൽത്താൻ ബത്തേരി: മൂടക്കൊല്ലിയിൽ കടുവ പ്രജീഷ് എന്ന യുവാവിനെ കൊന്നുതിന്നിട്ട് ഒരു വർഷമാകുന്നു. കഴിഞ്ഞ വർഷം ഡിസംബർ ഒമ്പതിനായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. പശുവിന് പുല്ലരിയാൻ പോയ മൂടക്കൊല്ലി കൂടല്ലൂർ മരോട്ടിക്കത്തറപ്പിൽ പ്രജീഷിനെ പട്ടാപ്പകൽ കടുവ ആക്രമിച്ച് കൊല്ലുകയായിരുന്നു.
പത്തു ദിവസത്തിന് ശേഷമാണ് കടുവ വനം വകുപ്പിന്റെ കൂട്ടിൽ കുടുങ്ങുന്നത്. പ്രജീഷിനെ കടുവ ആക്രമിച്ച സ്ഥലത്തിന് സമീപമാണ് വെള്ളിയാഴ്ച പശു ആക്രമിക്കപ്പെട്ടത്. ചെതലയം വനത്തോടു ചേർന്ന പ്രദേശമാണ് വാകേരി, മൂടക്കൊല്ലി, കൂടല്ലൂർ തുടങ്ങിയവ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.