സുല്‍ത്താന്‍ ബത്തേരി: ഒരാഴ്ച മുമ്പ് വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവിനെ (37) ആക്രമിച്ച് കൊലപ്പെടുത്തിയ മുട്ടിക്കൊമ്പൻ വടക്കനാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. കൃഷിയിടങ്ങളിലൂടെ കയറിയിറങ്ങുന്ന മുട്ടിക്കൊമ്പനെ നിയന്ത്രിക്കാൻ വനം വകുപ്പിന് സാധിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം, മുട്ടിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി മുത്തങ്ങ ആനപ്പന്തിയിൽ എത്തിക്കാനുള്ള ശ്രമങ്ങളാണ് വനം വകുപ്പ് നടത്തുന്നത്. ഇതിനായി മുത്തങ്ങ ആനപ്പന്തിയിൽ കൂട് നിർമാണവും സജീവമായി നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രി താത്തൂര്‍ സെക്ഷനിലെ വടക്കനാട് കല്ലൂര്‍ക്കുന്നിൽ കാട്ടാനയെത്തി. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച തൂക്കുവേലിയിലേക്ക് മരം തള്ളിയിട്ട് തകര്‍ത്താണ് വനത്തിന് പുറത്തിറങ്ങിയത്. തട്ടകത്ത് സിബിയുടെ പറമ്പിലെ കവുങ്ങുകളും തെങ്ങും വാഴകളും നശിപ്പിച്ചു. കൃഷിയിടത്തിൽ ആന ഇറങ്ങുമ്പോൾ വനം വകുപ്പിനെ അറിയിക്കുകയാണ് ചെയ്യുന്നത്. അവർ വന്ന് ഉൾക്കാട്ടിലേക്ക് തുരത്തും. അധികം താമസിക്കാതെ വീണ്ടും ആന പുറത്തിറങ്ങുകയും ചെയ്യും.
കുറിച്യാട് റേഞ്ചിലെ വനപാലകരും സുൽത്താൻ ബത്തേരി ആര്.ആര്.ടിയും അടങ്ങുന്ന സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. കൂട് നിർമിക്കാനുള്ള മരംമുറി ചൊവ്വാഴ്ച നടന്നു. മുറിക്കേണ്ട മരങ്ങൾ നേരത്തെ അടയാളമിട്ട് തിരിച്ചിരുന്നു. രണ്ട് വർഷം മുമ്പ് പന്തല്ലൂര്‍ മഖ്ന എന്ന ആനയെ കുപ്പാടി വനത്തിൽനിന്ന് മയക്കുവെടി വെച്ച് പിടിച്ച് മുത്തങ്ങ ആനപ്പന്തിയിൽ എത്തിച്ചിരുന്നു. അന്ന് നിർമിച്ച കൂട് ഇപ്പോഴും മുത്തങ്ങ ആനപ്പന്തിയിൽ ഉണ്ട്. കൂടിന്റെ ബലം നിരീക്ഷിച്ചതിനു ശേഷം വേണ്ടി വന്നാൽ മുട്ടിക്കൊമ്പനെ പഴയ കൂട്ടിൽ പാർപ്പിക്കാനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ പഴയകൂട് നവീകരിക്കേണ്ടിവരും. കൂടിന്റെ ബലപരിശോധനയടക്കം പൂര്‍ത്തിയായ ശേഷമേ ആനയെ മയക്കുവെടി വെക്കാനാകൂ. പുതിയ കൂട് നിർമിക്കാനാണെങ്കിൽ നാലഞ്ചു ദിവസം ഇനിയുമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.