സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിലെ ചീരാലിൽ പുലിശല്യം തുടരുന്നു. ചീരാൽ പണിക്കർ പടി നിരവത്ത് കണ്ടത്തിൽ എൽദോയുടെ വളർത്തുനായെ വ്യാഴാഴ്ച രാത്രി പുലി ആക്രമിച്ച് കൊലപ്പെടുത്തി. വീടിന് സമീപം കെട്ടിയിട്ട നായെയാണ് പുലി പിടിച്ചത്.
പശുവും ആടുകളുമടക്കം കഴിഞ്ഞ രണ്ടു മാസത്തിനിടെ 11 വളർത്തു മൃഗങ്ങളെയാണ് ചീരാൽ പ്രദേശത്ത് പുലി ആക്രമിച്ചത്. ഇവയിൽ ആറെണ്ണം ചത്തു. ജനവാസ പ്രദേശങ്ങളിലേക്ക് നിരന്തരമെത്തി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിക്കായി വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.
നിരന്തരമുണ്ടാകുന്ന വന്യജീവിശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും രാത്രികാലങ്ങളിൽ പട്രോളിങ് ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ഇതുവരെ വനം വകുപ്പ് കാര്യമായി എടുത്തിട്ടില്ല.
ചീരാൽ പ്രദേശം മേപ്പാടി റേഞ്ച് പരിധിയിലാണെന്നും അതിനാൽ വന്യമൃഗങ്ങൾ ആക്രമണം നടത്തുമ്പോൾ വനം ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് എത്താൻ പ്രയാസമുണ്ടാകുന്നുണ്ടെന്നും നാട്ടുകാർ ആക്ഷേപം ഉന്നയിച്ചു. ചീരാലിൽനിന്ന് നാല് കിലോമീറ്റർ അകലെ പഴൂരാണ് തോട്ടാമൂല ഫോറസ്റ്റ് ഓഫിസ്. അവിടെയുള്ള ഉദ്യോഗസ്ഥർക്ക് ചീരാലിന്റെ ചുമതല ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.