കൈവട്ടമൂലയിൽ കടുവ ആക്രമിച്ച പശുക്കിടാവ്
സുൽത്താൻ ബത്തേരി: കുപ്പാടി കാടിനോടു ചേർന്നുള്ള കൈവട്ടമൂലയിൽ കടുവ പശുക്കിടാവിനെ ആക്രമിച്ചു. ഗുരുതര പരിക്കേറ്റ കിടാവ് ചികിത്സയിലാണ്. വ്യാഴാഴ്ച വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം. കൈവട്ടമൂല കുളിയാൻമൂല പി. വിജയെൻറ വീട്ടിലാണ് കടുവ എത്തിയത്. തൊഴുത്തിൽ നിന്ന് കിടാവിെൻറ കരച്ചിൽകേട്ട് ജനലിലൂടെ നോക്കിയപ്പോൾ കടുവ ഓടിപ്പോകുന്നത് കണ്ടതായി വിജയൻ പറഞ്ഞു. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. അവരെത്തി കാൽപാടുകൾ നിരീക്ഷിച്ച് കടുവയാണെന്ന് സ്ഥിരീകരിച്ചു. പശുക്കിടാവിനെ ചികിത്സിക്കാനുള്ള ഡോക്ടറേയും വനംവകുപ്പ് ഏർപ്പാട് ചെയ്തു.
പത്തു ദിവസം മുമ്പ് കൈവട്ടമൂലക്കടുത്ത് കൈരളി ജങ്ഷനിൽ മാനിനെ കടുവ കൊന്നിരുന്നു. അതിനു ശേഷവും കടുവയുടെ സാന്നിധ്യം പ്രദേശത്ത് ഉണ്ടായിരുന്നു. ജനം ജാഗ്രത പാലിച്ച് പുറത്തിറങ്ങുന്നതിനാൽ കടുവയുടെ മുന്നിൽപെടുന്നില്ല. കൂട് സ്ഥാപിച്ചാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കടുവ കുടുങ്ങുമെന്നാണ് കൈവട്ടമൂല, പഴുപ്പത്തൂർ, കൈരളി ജങ്ഷൻ പ്രദേശങ്ങളിലുള്ളവർ പറയുന്നത്.
ചീയമ്പത്ത് കടുവ ഭീഷണി
പുൽപള്ളി: ചീയമ്പം 73 പ്രദേശം കടുവ ഭീഷണിയിൽ. കുറെ നാളുകളായി വനാതിർത്തി ഗ്രാമത്തിൽ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊലപ്പെടുത്തിയത്. ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയായ കടുവയെ പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് ആടുകൾ കൊല്ലപ്പെട്ടു.
ആനപത്രി കോളനിയിലെ അനിത സനീഷിെൻറ രണ്ട് ആടുകളെ തിങ്കളാഴ്ച വൈകീട്ട് കൊന്നു. വീടിനടുത്ത് മേയാൻ വിട്ട ആടുകളെയാണ് കൊന്നത്. രണ്ടാഴ്ച മുമ്പ് ചീയമ്പം 73 കോളനിയിലെ മാച്ചിയുടെ രണ്ട് ആടുകളെയും കടുവ കൊന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിലും കടുവയുടെ ആക്രമണത്തിൽ ഒട്ടേറെ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. പുലർച്ച പാലളക്കാനും മറ്റും പോകുന്ന കർഷകർ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്. കടുവയെ നിരീക്ഷിക്കുന്നതിന് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വനപാതയിലെ പൊന്തക്കാടുകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വെട്ടി നീക്കാനും തീരുമാനമായി. അതേസമയം, കടുവ ശല്യം രൂക്ഷമായാൽ ഇവിടെ കെണി സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ആനന്ദൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.