ശനിയാഴ്ച ഉച്ചക്ക് ബത്തേരി ചുങ്കത്തുണ്ടായ ഗതാഗതക്കുരുക്ക്
സുൽത്താൻ ബത്തേരി: നഗരം ഗതാഗതക്കുരുക്കിൽ വലയുമ്പോഴും പരിഹാരമുണ്ടാകുന്നില്ലെന്ന് ആക്ഷേപം. പലപ്പോഴും കുരുക്ക് മണിക്കൂറുകൾ നീളുന്ന സാഹചര്യമാണുള്ളത്. നിലവിലെ സൗകര്യം ഉപയോഗപ്പെടുത്തി കുരുക്ക് ഒഴിവാക്കുന്ന കാര്യത്തിൽ അധികൃതരുടെ അലംഭാവം കൂടിയാകുമ്പോൾ യാത്രക്കാർ ‘ബ്ലോക്കിൽ’ വലയാൻ നിർബന്ധിതരാകുന്നു.
ആദ്യമൊക്കെ അവധി ദിവസങ്ങളിൽ മാത്രമായിരുന്നു നഗരത്തിൽ വാഹനത്തിരക്ക് ഉണ്ടായിരുന്നത്. അടുത്ത കാലത്തായി മിക്ക ദിവസവും തിരക്കാണ്. പൊലീസിന് നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലുള്ള വാഹന ബാഹുല്യം പരിഗണിച്ചുള്ള പരിഹാര നടപടികളാണ് ഉടൻ ഉണ്ടാകേണ്ടത്.
ദേശീയപാതയിൽ ഐഡിയൽ സ്കൂളിനു മുൻവശം മുതൽ കോട്ടക്കുന്ന് ഗീതാഞ്ജലി പമ്പുവരെ നീളുന്നതാണ് സുൽത്താൻ ബത്തേരി നഗരം. അസംപ്ഷൻ ജങ്ഷനിലെ റഹിം മെമ്മോറിയൽ റോഡ്, ട്രാഫിക് ജങ്ഷനിൽനിന്ന് തുടങ്ങുന്ന ചുള്ളിയോട് റോഡ്, പൊലീസ് സ്റ്റേഷൻ റോഡ്, ചുങ്കം ജങ്ഷനിലെ ചീരാൽ റോഡ്, കോട്ടക്കുന്നിലെ പുൽപള്ളി റോഡ് എന്നിവിടങ്ങളിലേക്കൊക്കെ നഗരം വ്യാപിച്ചിട്ടുണ്ട്.
ഏതെങ്കിലും ജങ്ഷനുകളിലുണ്ടാകുന്ന വാഹനക്കുരുക്ക് നഗരത്തിൽ മുഴുവൻ വ്യാപിക്കുന്നത് പതിവാണ്. അനധികൃത പാർക്കിങ് ഒഴിവാക്കിയാൽ പോലും ഇടക്കിടെ ഉണ്ടാക്കുന്ന കുരുക്കിന് ഒരു പരിധി വരെ പരിഹാരമുണ്ടാകും. എന്നാൽ, കർശന ഇടപെടൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ചുള്ളിയോട് റോഡിൽ ഫെഡറൽ ബാങ്കിനു സമീപത്തുനിന്നാണ് രാജീവ് ഗാന്ധി ബൈപാസ് റോഡ് തുടങ്ങുന്നത്. ഇത് കൈപ്പഞ്ചേരി വഴി ചുങ്കം പുതിയ സ്റ്റാൻഡിനടുത്താണ് അവസാനിക്കുന്നത്. നഗരം വലിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ടുകിടക്കുമ്പോൾ രാജീവ് ഗാന്ധി ബൈപാസ് റോഡ് വാഹനത്തിരക്കില്ലാത്ത അവസ്ഥയിലായിരിക്കും. കോടികൾ മുടക്കി ഈ ബൈപാസ് റോഡ് എന്തിന് നിർമിച്ചുവെന്നതാണ് ചോദ്യമായി ഉയരുന്നത്. കുരുക്ക് ഒഴിവാക്കാൻ വിവേകത്തോടെയുള്ള ട്രാഫിക് പരിഷ്കരണമാണ് ആവശ്യം.
രണ്ടു സംസ്ഥാനങ്ങളുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന നഗരമായതിനാൽ നഗരത്തിലെത്തുന്ന ഇതര സംസ്ഥാന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. ഇത്തരം വാഹനങ്ങൾ ഉണ്ടാക്കുന്ന ഗതാഗത പ്രശ്നം നഗരത്തിന് താങ്ങാനാവാത്ത സ്ഥിതിയുണ്ട്.
നാലു പതിറ്റാണ്ടിലേറെ പഴക്കമുള്ള പഴയ ബസ് സ്റ്റാൻഡിലെത്തുന്ന ബസുകളുടെ എണ്ണത്തിലുള്ള വർധനയും ട്രാഫിക് ജങ്ഷനിൽ കുരുക്കുണ്ടാക്കുന്നു. ഇവിടെ ബസുകൾ നിറയുമ്പോൾ ഗ്രാഫിക് ജങ്ഷനോടു ചേർന്നുള്ള പ്രവേശന കവാടത്തിലും തിരക്കാകും. രാജീവ് ഗാന്ധി ബൈപാസ് റോഡിനടുത്ത് പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, വർഷങ്ങൾ കാത്തിരിക്കണം. അതുവരെ പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ നിർത്തിയിടുന്ന സമയത്തിൽ കുറവ് വരുത്തിയുള്ള പരിഷ്കരണം ഉടൻ ഉണ്ടാകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.