സുൽത്താൻ ബത്തേരി: പുലിയെ പിടിക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും തെരുവുനായ് കുടുങ്ങി. അൽപസമയം കൂട്ടിൽ തങ്ങിയ നായ് കൂടുപൊളിച്ച് പുറത്തിറങ്ങി. ബത്തേരി കോട്ടക്കുന്ന് പോൾ മാത്യൂസിന്റെ വീടിനോടു ചേർന്ന് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ചൊവ്വാഴ്ച പുലർച്ചയാണ് നായ് കയറിയതും പുറത്തിറങ്ങിയതും.
രണ്ട് തെരുവുനായ്ക്കളാണെത്തിയത്. ഒരെണ്ണം അകത്തു കയറി. ഇതോടെ വാതിൽ താഴ്ന്നു. അൽപസമയം കഴിഞ്ഞ് ശാന്തനായശേഷം കൂടിന്റെ അടിഭാഗം കടിച്ചു പൊളിക്കുകയായിരുന്നു. വലിയ ദ്വാരമുണ്ടാക്കി നിഷ്പ്രയാസം പുറത്തേക്കുപോയി.
കഴിഞ്ഞ മാസം 21നാണ് കൂട് സ്ഥാപിച്ചത്. ഈ മാസം രണ്ടിന് കൂട്ടിൽ തെരുവുനായ് കുടുങ്ങിയിരുന്നു. വനം വകുപ്പെത്തിയാണ് തുറന്നുവിട്ടത്. ബത്തേരി താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്ന ഫെയർലാൻഡ്, പട്ടുരുപടി, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ ഒരുമാസം മുമ്പ് പുലിശല്യം രൂക്ഷമായിരുന്നു.
കോട്ടക്കുന്നിൽ പോൾ മാത്യൂസിന്റെ വീടിനോടു ചേർന്നുള്ള കോഴിക്കൂട്ടിൽ നിരവധി തവണ പുലിയെത്തി. കോഴികളെയും കൊണ്ടുപോയി. നാട്ടുകാർ സംഘടിക്കുമെന്നായപ്പോഴാണ് വനം വകുപ്പ് കൂടുവെക്കാൻ തയാറായത്. കൂട് വെച്ചതിനുശേഷം പുലി കോട്ടക്കുന്ന് ഭാഗത്തെത്തിയിട്ടില്ല.
സുൽത്താൻ ബത്തേരി: ചൊവ്വാഴ്ച പുലർച്ച സുൽത്താൻ ബത്തേരി കോട്ടക്കുന്നിൽ പുലിയെ പിടിക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ അകപ്പെട്ട തെരുവുനായ് രക്ഷപ്പെട്ട സംഭവത്തിൽ കൂടിന്റെ ഉറപ്പ് സംബന്ധിച്ച് സംശയം. കൂടിന്റെ അടിഭാഗത്തെ പ്ലൈവുഡ് ഷീറ്റ് കടിച്ചു മുറിച്ചാണ് നായ് പുറത്തു കടന്നത്. പുലി ആയിരുന്നുവെങ്കിലും ഇതേ അവസ്ഥ ഉണ്ടാകുമെന്നാണ് മനസ്സിലാക്കേണ്ടത്. കൂട് ബലമുള്ളതല്ലെങ്കിൽ അപകട സാധ്യതയേറെയാണ്.
ഒരു മാസത്തോളമായി മഴ നനഞ്ഞതിനാൽ കൂടിനടിയിലെ പ്ലൈവുഡിന് ബലക്ഷയം സംഭവിച്ചതാകാമെന്നാണ് വനം ഡി.എഫ്.ഒ അജിത് കെ. രാമൻ പറയുന്നത്. കൂട് അടിയന്തരമായി മാറ്റി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ബത്തേരിയിൽ വേറെയും കൂടുകൾവെച്ചിട്ടുണ്ട്. ഇതുകൂടാതെ ചീരാൽ, നമ്പ്യാർകുന്ന്, മീനങ്ങാടി പഞ്ചായത്തിലെ മൈലംപാടി എന്നിവിടങ്ങളിലൊക്കെ പുലിക്കായി കൂട് വെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.