സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ ബന്ദിപ്പൂർ കടുവ സങ്കേതത്തിലൂടെയുള്ള രാത്രിയാത്ര നിരോധന സമയം വൈകീട്ട് ആറ് മുതലാക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനില്ലെന്ന് കർണാടക. ബന്ദിപ്പൂർ കടുവസങ്കേതം ഡയറക്ടർ ഡോ. രമേശ്കുമാറുമായി വയനാട് ചേംബർ ഓഫ് കോമേഴ്സ് ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിൽ രാത്രി ഒമ്പത് മുതൽ പുലർച്ചെ ആറുവരെയാണ് നിരോധനം. വിശദമായ ചർച്ചകൾക്കുശേഷമേ ആറ് മുതലാക്കുന്ന തീരുമാനം ഉണ്ടാകൂവെന്നും കടുവ സങ്കേതം ഡയറക്ടർ ഉറപ്പുനൽകിയതായി ചർച്ച നടത്തിയ ചേംബർ ജനറൽ സെക്രട്ടറി മിൽട്ടൺ ഫ്രാൻസീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് വനമേഖലയിൽ ലോറിയിടിച്ച് കാട്ടാന ചെരിഞ്ഞ പശ്ചാത്തലത്തിലാണ് യാത്രാനിരോധന സമയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകളുണ്ടായത്.
വൈകീട്ട് ആറു മുതൽ യാത്ര നിരോധനം വന്നാൽ വയനാടിന്റെ സാമ്പത്തിക മേഖല പാടേ തകരുമെന്ന് വയനാട് ചേംബർ ഉൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. കടുവസങ്കേതം ഡയറക്ടർ കർണാടക സർക്കാറിന് ശിപാർശ നൽകുകയും ചെയ്തിരുന്നു. ഇതിൽ ആശങ്ക അറിയിച്ചാണ് വയനാട് ചേംബർ ഓഫ് കോമേഴ്സ് മുൻകൈയെടുത്ത് ചർച്ച നടത്തിയത്.
വൈകീട്ട് ആറു മുതൽ യാത്രനിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്നും വയനാട് ചേംബർ ആവശ്യപ്പെട്ടതാണ്. തീരുമാനം എടുക്കുന്നതിന് മുമ്പ് സംഘടനകളുമായി ചർച്ച നടത്തുമെന്നും ആലോചനകൾക്ക് ശേഷമെ അന്തിമതീരുമാനം എടുക്കുകയുള്ളൂവെന്നും കടുവസങ്കേതം ഡയറക്ടർ അറിയിച്ചു.
വാഹനങ്ങളുടെ വേഗം കുറക്കാൻ സ്പീഡ് ബ്രേക്കറുകൾ കൂടുതൽ സ്ഥാപിക്കുക, കൂടുതൽ വേഗ നിയന്ത്രണം ഏർപ്പെടുത്തി പ്രശ്ന പരിഹാരം കാണാമെന്നും ചേംബർ നേതൃത്വം കൂടിക്കാഴ്ചയിൽ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.