എം.എൽ.എ ഫണ്ട് വിനിയോഗം: ജില്ലക്ക് പ്രത്യേക ഇളവിനായി സർക്കാറിനെ സമീപിക്കും -ഐ.സി. ബാലകൃഷ്ണൻ

സുൽത്താൻ ബത്തേരി: സ്പെഷൽ സ്കൂളുകൾ, അനാഥാലയങ്ങൾ തുടങ്ങിയവക്ക് നിബന്ധനകളിൽ ഇളവു വരുത്തി എം.എൽ.എ ഫണ്ട് വിനിയോഗിക്കുന്നതിന് സർക്കാറിനെ സമീപിക്കുമെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. എം.എൽ.എമാരുടെ പ്രത്യേക വികസന നിധി, പ്രാദേശിക വികസന നിധി എന്നിവയിലുൾപ്പെടുത്തി വനാതിർത്തികളിൽ ഹാങ്ങിങ് ഫെൻസ് പോലെ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് പ്രവർത്തന മാർഗരേഖയിൽ മാറ്റം വരുത്താനും ആവശ്യപ്പെടും.

മുള്ളൻകൊല്ലി, പുൽപള്ളി പഞ്ചായത്തുകളിലെ വനാതിർത്തികളിൽ സർക്കാറിന്റെ പ്രത്യേകാനുമതിയോടെ ഹാങ്ങിങ് ഫെൻസ് നടപ്പിലാക്കി വരുന്നുണ്ട്. ഇത് എം.എൽ.എ ഫണ്ട് മാർഗരേഖയിൽ ഉൾപ്പെടുത്തുന്നതിന് സർക്കാറിന് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ നിർമാണ നിർവഹണ ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2015-16 മുതൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാക്കിയതായി എം.എൽ.എ യോഗത്തിൽ വിലയിരുത്തി.

നിലവിൽ ഏറ്റെടുത്ത ചില നിർമാണ പ്രവൃത്തികളിൽ കരാറുകാരുടെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നതിനാൽ സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് നിയമപരമായ നടപടി സ്വീകരിക്കാൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. പട്ടികവർഗ ഊരുകളിൽ ദൈവപ്പുര സ്ഥാപിക്കുന്നതിന് എം.എൽ.എ ഫണ്ട് ഉപയോഗിക്കുന്നതിന് സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി തീരുമാനമെടുത്തിട്ടുണ്ട്.

സ്കൂളുകൾക്ക് അനുവദിച്ച ബസുകൾ, കമ്പ്യൂട്ടർ, അനുബന്ധ ഉപകരണങ്ങൾ എന്നിവ അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ലഭ്യമാക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരെ ചുമതലപ്പെടുത്തി.

പി.എച്ച്.സികൾക്ക് അനുവദിച്ച ആംബുലൻസുകൾ മാർച്ച് 31നകം ലഭ്യമാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫിസർ എന്നിവർക്ക് നിർദേശം നൽകി.

യോഗത്തിൽ പൂതാടി പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി സാബു, എ.ഡി.സി ജനറൽ കെ.ഇ. വിനോദ് കുമാർ, സുൽത്താൻ ബത്തേരി ബി.ഡി.ഒ എസ്. സജീഷ്, സുൽത്താൻ ബത്തേരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സേതു ലക്ഷ്മി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - MLA Fund: District Will Approach Government For Special Concession -IC Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.