സുൽത്താൻ ബത്തേരി: ഗവ. കോളജിനായി സുൽത്താൻ ബത്തേരിക്കാരുടെ കാത്തിരിപ്പ് നീളുമ്പോൾ സർക്കാറിന്റെ നിസ്സംഗത തുടരുന്നു. കോളജ് സ്ഥാപിക്കുന്നത് സംബന്ധിച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തത് സാധാരണക്കാരായ നൂറുകണക്കിന് വിദ്യാർഥികളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. സംസ്ഥാനത്ത് ഗവ. കോളജ് ഇല്ലാത്ത എല്ലാ നിയോജക മണ്ഡലത്തിലും കോളജ് അനുവദിക്കാനുള്ള മുൻ യു.ഡി.എഫ് സർക്കാറിന്റെ തീരുമാനമനുസരിച്ചാണ് സുൽത്താൻ ബത്തേരിയിലും ഗവൺമെന്റ് കോളജിനുള്ള സാധ്യതയുണ്ടായത്.
സ്വാശ്രയ കാമ്പസുകളുടെ അതിപ്രസരം തടയുന്നതിന്റെ ഭാഗമായായിരുന്നു അന്നത്തെ സർക്കാർ തീരുമാനം. ഭരണം മാറിയതോടെ കോളജിനായി ഫണ്ട് വകയിരുത്താത്ത സാഹചര്യമാണ്. ഇക്കഴിഞ്ഞ ബജറ്റിലും കോളജിനായി ഫണ്ട് വകയിരുത്തിയില്ല. ഇക്കാര്യം കഴിഞ്ഞദിവസം ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്ത് പട്ടിക വർഗക്കാർ ഏറെയുള്ള നിയോജക മണ്ഡലമാണ് സുൽത്താൻ ബത്തേരി. ഗവൺമെന്റ് കോളജ് വന്നാൽ ഇവിടത്തെ ആദിവാസികൾക്കും കർഷകരുടെ മക്കൾക്കുമാണ് കൂടുതൽ ഗുണമുണ്ടാവുക.
സുൽത്താൻ ബത്തേരി മേഖലയിലെ ഒരു പ്രധാന കോളജ് നിലവിൽ കുപ്പാടിയിലെ സെന്റ് മേരീസാണ്. ഇവിടെ പരിമിതമായ സീറ്റുകൾ മാത്രമേയുള്ളൂ. ഫീസ് കൊടുത്തു പഠിക്കേണ്ട പുതിയതും അല്ലാത്തതുമായ ഒന്നിൽകൂടുതൽ സ്വാശ്രയ കോളജുകൾ നഗരത്തിലുണ്ട്. ബാങ്ക് വായ്പയെടുത്തും മറ്റുമാണ് രക്ഷിതാക്കൾ ഈ കോളജുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത്.
ബീനാച്ചി, കല്ലൂർ എന്നിവിടങ്ങളിലെ റവന്യൂ ഭൂമി സുൽത്താൻ ബത്തേരി ഗവ. കോളജിനായി പരിഗണിക്കണമെന്ന വാദം ആറേഴ് വർഷം മുമ്പ് സുൽത്താൻ ബത്തേരിയിൽ ഉയർന്നിരുന്നു. കൃഷ്ണഗിരിയുടെ പേരും അന്ന് ശക്തമായി. നായ്ക്കട്ടിയിൽ താൽക്കാലിക കെട്ടിടവും കണ്ടെത്തിയിരുന്നു. എന്നാൽ ഒന്നും യാഥാർഥ്യമായില്ല. സ്ഥലം എം.എൽ.എയുടെ പിടിപ്പു കേടുകൊണ്ടാണ് കോളജ് വരാത്തതെന്നാരോപിച്ച് ഇടത് വിദ്യാർഥി സംഘടനകൾ നേരത്തെ രംഗത്ത് വന്നിരുന്നു.
ബജറ്റുകളിൽ ഫണ്ട് വെക്കാത്ത കാര്യം പറഞ്ഞ് എം.എൽ.എയും തിരിച്ചടിച്ചതോടെ ആരോപണമുന്നയിച്ചവരും നിശ്ശബ്ദരായി. പ്രതിപക്ഷ എം.എൽ.എയുടെ നിയോജക മണ്ഡലമായതുകൊണ്ടാണ് ബജറ്റുകളിൽ സർക്കാർ സുൽത്താൻ ബത്തേരി ഗവൺമെന്റ് കോളജ് പരിഗണിക്കാത്തതെന്ന ആക്ഷേപം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.