സുൽത്താൻ ബത്തേരി: വായ്പ ആപ് ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ അരിമുള സ്വദേശി അജയരാജ് ക്യാൻഡി ക്യാഷിനു പുറമെ മറ്റു വായ്പ ആപ്പുകളും ഉപയോഗിച്ചെന്ന് സംശയം. അജയരാജിന്റെ ഫോണിൽ മറ്റു വായ്പ ആപ്പുകളുമുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.
ലോണുമായി ബന്ധപ്പെട്ട് അജയരാജിന് വന്നതെല്ലാം ഇന്റർനെറ്റ് കോളുകളാണ്. സന്ദേശം വന്ന വാട്സ്ആപ് നമ്പറുകൾ ഉപയോഗിച്ച ഫോണിന്റെ ഐ.പി അഡ്രസ് കണ്ടെത്തണം. ഇതിനായി മെറ്റയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്.
ലോൺ ആപ്പിൽനിന്ന് പണം കടമെടുത്തതിന് പിന്നാലെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ അയച്ചുള്ള ഭീഷണി ആത്മഹത്യക്ക് പ്രേരണയായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയും മക്കളും അടക്കം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളിലേക്ക് മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ വന്നിരുന്നു. പണം തിരിച്ചു അടക്കാൻ വ്യാജചിത്രം ഉപയോഗിച്ച് അജയരാജിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മരിക്കുന്നതിന് അഞ്ചു മിനുറ്റ് മുമ്പ് പോലും അജയരാജിന് ഭീഷണി സന്ദേശം വന്നിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ലോട്ടറി വിൽപനക്കാരനായിരുന്ന അജയരാജ് 3747 രൂപയാണ് സെപ്റ്റംബർ ഒമ്പതിന് ക്യാൻഡി ക്യാഷ് എന്ന ആപ്പിൽനിന്ന് കടമെടുത്തത്.
വിൽപനക്ക് ടിക്കറ്റ് എടുക്കാൻ കൽപറ്റയിലേക്ക് രാവിലെ പോയതാണ്. എന്നാൽ, അരിമുള എസ്റ്റേറ്റിന് സമീപത്ത് വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോണിൽ വിളിച്ചപ്പോൾ കിട്ടിയതുമില്ല. പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിലാണ് അജയ് രാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അജയരാജ് നാട്ടിലെ സുഹൃത്തുക്കളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും കടം വാങ്ങിയിട്ടുണ്ട്. പൊലീസിന്റെ അന്വേഷണ പരിധിയിൽ ഇതും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.